ആദ്യം നമ്മുടെ (സ്വന്തം) പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ മറ്റുള്ളവരുടെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കുവാൻ പറ്റും.

മനുക്ഷ്യന്    കാണുവാനും    കേൾക്കുവാനും   സാധിക്കുകയില്ലാത്ത    ഏറ്റവും   വലിയ   ആത്‌മീയ    പിതാവാണ്   കർത്താവായ    ദൈവം.    ദൈവം   കഴിഞ്ഞാൽ,  ദൈവത്തോട്   ഏറ്റവും   അടുത്ത്    നിൽക്കുന്നതും,   മനുക്ഷ്യന്   കാണുവാനും   കേൾക്കുവാനും   സാധിക്കുന്ന   ആത്‌മീയ     പിതാവാണ്   അതാത്   സഭയുടെ   തലവനും   പിതാവുമായ   ആൾ.      
 
കേരളത്തിന്    വെളിയിൽ    ആദ്യമായി    ക്നാനായ   കത്തോലിക്കർ   തങ്ങൾക്കുവേണ്ടി   വാങ്ങിച്ച    ചിക്കാഗോ    സേക്രഡ്    ഹാർട്ട്   ക്നാനായ   കത്തോലിക്കാപ്പള്ളിയുടെ    ദശവത്സര   മഹോത്സവം    അത്യന്തം   വർണ്ണശബളവും   ആർഭാടവുമായി    ആഘോഷിച്ചു.   അതിൽ   മുഖ്യാധിതിയായി    ദൈവത്തിന്   തൊട്ടടുത്തു   നിൽക്കുന്ന    സീറോ   മലബാർ    സഭയുടെ   തലവനും   പിതാവുമായ    സ്രേഷ്ഠ    മെത്രാപ്പോലീത്ത   കർദ്ദിനാൾ   മാർ   ജോർജ്   ആലഞ്ചേരി  ആയിരുന്നു.    ഒപ്പം   കോട്ടയം   അതിരുപതാധ്യക്ഷനും    മെത്രാപ്പോലീത്തായുമായ  മാർ   മാത്യു   മൂലക്കാട്ട്,   മാർ    ജേക്കബ്   അങ്ങാടിയത്ത്,    മാർ   ജോയ്   ആലപ്പാട്ട്,  മാർ   മൈക്കിൾ   (കാനഡ),   അനേകം  വൈദികരും   സന്നിഹിതരായിരുന്നു.     
 
മാർ    ആലഞ്ചേരിയുടെ   പ്രസംഗത്തിൽ,    ഞങ്ങൾ   ചിക്കാഗോക്കാർ,  ക്നാനായർക്കായിട്ടുള്ള   പുതിയ   മെത്രാനേയും    അരമനയും   തന്നുകൊണ്ടുള്ള   പ്രഖ്യാപനം  കേൾക്കുവാനും,   അത്   കരഘോഷത്തോടെ   സ്വീകരിക്കുവാനും    തയ്യാറായിട്ടാണ്    ചെന്നത്.   ഉദ്ദേശിച്ച   ആ   പ്രഖ്യാപനം   ഉണ്ടായില്ലെങ്കിലും   കരഘോഷത്തിന്   ഞങ്ങൾ   കുറവ്   വരുത്തിയില്ല.   അദ്ദേഹം    പറഞ്ഞത്    "...............   Something  new  is  to  be  said.  You  can  expect  it.  But  it  may  not  be  realized.  ............"     ചുരുക്കത്തിൽ   നമുക്ക്   നല്ലത്   പ്രതീക്ഷിക്കാമെങ്കിലും    ക്നാനായ   സമുദായ   സംരക്ഷണാർദ്ധമുള്ള   സഭാസംവിധാനം    ഒന്നും   സംഭവ്യമല്ലന്ന്   വളരെ   വ്യക്തമാക്കി.  ആയതിനാൽ   ഇനി   പ്രാർത്ഥിക്കുക,  നേർച്ചകാഴ്ചകൾ   സമർപ്പിക്കുക.  ദൈവത്തോട്   ഏറ്റവും  അടുത്തു   നിൽക്കുന്ന    ഇവരൊക്കെ    പ്രാർത്ഥിച്ചിട്ട്   ലഭിക്കാത്തത്    നിങ്ങളും   പാപിയായ   ഞാനും   പ്രാർത്ഥിച്ചാൽ    ലഭ്യമോ?
 
അങ്ങാടിയത്ത്  പിതാവ്   ക്നാനായർക്ക്   ചെയ്യാവുന്നതെല്ലാം   ചെയ്തുവെന്നും   അതിനാൽ   ഇനി   എല്ലാവരും   സഭയ്ക്ക്   വിധേയരായി    ജീവിക്കണമെന്നും   പറഞ്ഞു.    വിധേയത്വം    പോയി    സമത്വമാണ്    ഇപ്പോൾ    ലോകമെമ്പാടുമെന്ന്   ഇക്കൂട്ടർ   എന്നാണാവോ   മനസ്സിലാക്കുക.   അധ്യാപകരും  ഡോക്ടർമാരും   ................   വൈദികരും   ശബളം    വാങ്ങിച്ച്    അവരവരുടെ   ജോലി    ചെയ്യുന്നതിന്   ആർക്ക്   ആരോട്   വിധേയത്വം   വേണം.   വിധേയത്വവും    ബഹുമാനവും   ചോദിച്ചും    വിലയ്ക്കും   വാങ്ങേണ്ടതല്ല.    
 
Ultimate  aim  സ്വർഗ്ഗമാണെന്ന്   പറയുന്നു.    ഞാൻ   നിങ്ങളുടെ   പിതാവല്ലന്ന്   പറഞ്ഞു   മക്കളെ    ഉപേക്ഷിക്കുന്ന    പിതാവിനും,   മാതാപിതാക്കളെ   ഉപേക്ഷിക്കുന്ന    മക്കൾക്കും   എങ്ങനെ  സ്വർഗ്ഗം   പൂകാനാകും?   കെട്ടപ്പെടുന്നത്   കെട്ടപ്പെടുമെന്ന്   പറയുന്നു,    അങ്ങനെ   കെട്ടുവാൻ   എന്തിനാ  മറ്റൊരാൾ?   അഴിക്കപ്പെടുവാനാണ്   ആള്   വേണ്ടത്.
 
പള്ളിയില്ലാതെ   ക്നാനായ    കമ്മ്യൂണിറ്റിക്ക്    വളരുവാൻ   പറ്റില്ലെന്ന്    മാർ   ആലഞ്ചേരി   ഊന്നിപ്പറഞ്ഞു.   കേരളത്തിന്   വെളിയിലുള്ള   ആദ്യത്തെ   ക്നാനായപ്പള്ളിയുടെ   ദശവത്സരമഹോൽസവത്തിനാണ്    അദ്ദേഹം   വന്നത്.  ഇപ്പോൾ   അമേരിക്കയിലെ   ചിക്കാഗോയിലുള്ള   ക്നാനായ   കമ്മ്യൂണിറ്റിഹാളിന്    ഈ   പള്ളിക്കുമുൻപ്   തന്നെ    കാൽ   ന്നൂറ്റാണ്ടിലേറെ    പഴക്കമുണ്ട്.   ക്നാനായ  കമ്മ്യൂണിറ്റി   വളർന്ന്   കമ്മ്യൂണിറ്റിഹാളും    സാമ്പത്തിക   ഉന്നമനവും   ഉണ്ടായതിനുശേഷം   മാത്രമാണ്   ഈ   സഭാധികാരികൾ   ശുശ്രുഷയ്ക്കായി   അമേരിക്കയിലേക്ക്   വന്നത്.    അതായത്   സഭാധികാരികൾ   ഇല്ലെങ്കിലും  (വേണ്ടന്നല്ല   വിവക്ഷിക്കുന്നത്)   കമ്മ്യുണിറ്റി   നിലനിൽക്കും,  വളരും;   എന്നാൽ   കമ്മ്യൂണിറ്റിയില്ലെങ്കിൽ   മെത്രാൻ   പോയിട്ട്   ഒരു   കപ്യാരു    പോലും   കാണില്ല.
 
സോഷ്യൽ    മീഡിയ   സ്റ്റോപ്പ്    ചെയ്യണമെന്നും   മാർ    ആലഞ്ചേരി    ആവശ്യപ്പെട്ടു.   ഇങ്ങനെയുള്ള   വിവരങ്ങൾ   ജനങ്ങളെ   അറിയിക്കുവാനുള്ള   ഏക   ഉപാധി    സോഷ്യൽ   മീഡിയാണ്.   എന്തുമാത്രം   ആത്‌മീയനേതാക്കളാണ്   സോഷ്യൽ   മീഡിയ   ഉപയോഗിക്കുന്നത്.  അവർക്കുപയോഗിക്കാം.    കൂടാതെ   അവർക്ക്   ധാരാളം   വേദികൾ   പെരുന്നാളായിട്ടും   വാർഷികാഘോഷങ്ങളായിട്ടും   ഒക്കെകിട്ടും.     നമുക്ക്   കേൾക്കുവാനല്ലാതെ   സംശയങ്ങൾ    ചോദിക്കുവാൻ   അനുവദിക്കില്ല.   ചോദിക്കുവാനായിട്ട്   അവസരം   തരും.   പക്ഷെ   അതിൽ   അവർ   നാമനിർദ്ദേശം   (nominate)  ചെയ്തവരും,   അവർ   പറഞ്ഞുകൊടുത്തിട്ടുള്ള   ചോദ്യങ്ങളും   മാത്രം.    അതല്ലാതെ,    എന്തെങ്കിലും   പറയുകയോ    ചോദിക്കുകയോ    ചെയ്യുന്നവനെ    പള്ളിവിരോധിയും   സഭാവിരോധിയുമായി     ചിത്രീകരിക്കും.   ഈ    ലേഖകന്റെ   ഒരു   സംശയം --  ജനം   സഭയ്‌ക്കു   വേണ്ടിയോ ;   സഭ   ജനത്തിന്   വേണ്ടിയോ.   ഓർക്കുക   ജനം   നിയമത്തിനു   വേണ്ടിയല്ല;   നിയമം   ജനത്തിനു    വേണ്ടിയാണ്.  
 
പെറ്റിഷൻ,   അപ്പീൽ,  മെമ്മോറാണ്ടം,   ഡെമോൺസ്‌ട്രേഷൻ   എല്ലാം   വെറുതെയാണെന്നും   ഇനി   ഇതിനൊന്നും     പ്രസക്തിയില്ലെന്നും     ദൈവമക്കളായതിനാൽ   എല്ലാവരും   പള്ളി   പറയുന്നതുപോലെ   ജീവിക്കുക്കണമെന്നും    പറഞ്ഞു.    അതായത്   സഭ   പ്രശ്നമുണ്ടാക്കിയാലും    എല്ലാം   മറന്ന്   അനുസരിക്കുക.  വേണ്ടത്   തരാതെ   വേണ്ടാത്തത്   തന്നിട്ട്  എന്തു    ഫലം?   ഉപദ്രവിക്കുവാൻ    വരുമ്പോൾ   ഒഴിഞ്ഞുമാറി    പിറകോട്ട്    പോവുന്നത്   നല്ലതുതന്നെ.   എന്നാൽ     ഒഴിഞ്ഞുമാറി    പിൻപോട്ട്‌   പോകുന്തോറും   വീണ്ടും  വീണ്ടും   വന്നാൽ    അവസാനം    പിറകോട്ട്   പോവാൻ   പറ്റാത്ത    ഒരു    മതിലിൽ    ഇടിച്ചു   നിൽക്കും.   അപ്പോൾപ്പിന്നെ    ആകെയുള്ള    ഏക   പോംവഴി    ധൈര്യമായി    അരയും   തലയും   മുറുക്കി   രണാംങ്കണത്തിലെപ്പോലെ    ശക്തമായി    പ്രതികരിച്ച്   പോരാടി   വിജയം    കൈവരിക്കുക.   നല്ല    പ്രതീക്ഷയിൽ    സഭ    പറയുന്നതുപോലെ    അനുസരിച്ചും   പ്രാർത്ഥിച്ചും   നേർച്ചകാഴ്ചകൾ   സമർപ്പിച്ചും    പൂജിച്ചും   നിന്ന    ക്നാനായ    സമുദായം,   തകർക്കുവാൻ   പറ്റാത്ത   ഏറ്റവും   ശക്തമായ   പിന്മതിലിൽ   ഇടിച്ചു   നിൽക്കുകയാണ്.   ആയതിനാൽ    ഇനി   പൊരുതിവേണം   അർഹിച്ചത്   നേടാൻ.   സ്വജീവൻ    വെടിഞ്ഞു,    സ്വന്തം  മക്കളെ   ശത്രുവിന്റെ   കൈയ്യിൽ    കൊടുത്ത്,   മറ്റുള്ളവരെ   രക്ഷിക്കുവാൻ   ശ്രമിക്കുന്നത്   ഭോഷത്തരമാണ്.    ജീവഹാനിയും   വംശഹത്യയും    സംഭവിക്കുന്നിടത്ത്,   വെട്ടുന്ന    കോടാലിക്ക്   സുഗന്ധമേകുന്ന   ചന്ദനമരം   പോലെയാവുന്നത്   വിഢിത്വവും    തെറ്റുമാണ്.     
 
ക്നാനായ    അച്ഛന്മാർക്ക്    ചില    ബുദ്ധിമുട്ടുകളും   പ്രശ്നങ്ങളും   ഉണ്ടാവാറുണ്ടെന്ന്   അദ്ദേഹം    പറഞ്ഞു.   എങ്കിലും  അങ്ങനെയുള്ളവർ    സസുഖം   വാഴുന്നത്   അവർ   ഈ   സമുദായത്തിൽ    പിറന്നതുകൊണ്ടാണ്    എന്ന്   ഇതര   സമുദായങ്ങൾക്ക്   നല്ലതുപോലെ    അറിയാം;   അത്   അവർ   പരസ്യമായി    പറഞ്ഞിട്ടുമുണ്ട്.   അങ്ങനെ   നമ്മുടെ   അച്ഛന്മാർ സംരക്ഷിക്കപ്പെടുമെന്നതാണ്   അവരുടെ   ധൈര്യവും.           
 
ക്നാനായരുടെ     പ്രശ്ങ്ങൾ   പരിഗണിക്കാമെന്ന്   എപ്പോഴും    പറയും.   കാലം   ചെയ്ത   വർക്കിപ്പിതാവിന്റെ    കാലം    മുതൽ    കേൾക്കുന്നന്നതാണ്   ഈ    പരിഗണന.   പ്രശ്നങ്ങൾ   ക്നാനായ    കമ്മ്യുണിറ്റിയിൽ   മാത്രമല്ല,   എല്ലാ    കമ്മ്യുണിറ്റിയിലും    ഉണ്ടന്നും  പറഞ്ഞു.    മറ്റുള്ളടത്ത്   പ്രശ്ങ്ങൾ    ഉള്ളതുകൊണ്ട്   നമ്മുടെ   പ്രശ്നങ്ങൾ    പരിഹരിക്കപ്പെടരുതെന്നുണ്ടോ?     ആദ്യം   നമ്മുടെ   (സ്വന്തം)   പ്രശ്നങ്ങൾ   പരിഹരിക്കപ്പെടാതെ   മറ്റുള്ളവരുടെ   പ്രശ്നങ്ങൾ   എങ്ങനെ   പരിഹരിക്കുവാൻ     പറ്റും.   വൃത്തിയായ    കൈകൊണ്ടല്ലേ    വൃത്തിയാക്കുവാൻ    സാധിക്കു.   
 
എന്തായാലും   "I  wish  you  all  the  best"  എന്ന്   പറഞ്ഞ്   മാർ    ആലഞ്ചേരി    തന്റെ    പ്രസഗം   അവസാനിപ്പിച്ചപ്പോഴും   എന്തൊക്കെയോ   നേടിയ   സന്തോഷത്തോടെ    ഞങ്ങൾ    വലിയ   കരഘോഷം   മുഴക്കി.