പറയുന്നതിലെ ഔചിത്യം - ജോൺ കരമ്യാലിൽ , ചിക്കാഗോ

പറയുന്നത്,  പറയുന്നവർക്ക്   ബാധകമല്ലാത്ത   രീതിയിലുള്ള   പ്രസംഗങ്ങൾ   സാധാരണക്കാരായ   പൊതുജനങ്ങളെ   വളരെയധികം   തെറ്റിത്തരിപ്പിക്കുകയും ;   നിരീക്ഷിക്കുകയും   ചിന്തിക്കുകയും  ചെയ്യുന്ന    യുവജനങ്ങളെ   ഇങ്ങനെ   പ്രസംഗിക്കുന്നവരിൽ    നിന്നും   അവരുടെ    പ്രസ്ഥാനങ്ങളിൽ   നിന്നും   അകറ്റുകയും   ചെയ്യുന്നു.    പലരും   ഇതിന്   വിശുദ്ധ   സ്ഥലങ്ങളും    വിശുദ്ധ   വസ്ത്രങ്ങളും   സ്ഥാനമാനങ്ങളും   ഉപയോഗിക്കുന്നു ;   അത്   തികച്ചും    അനുചിതവുമാണ്.
 
കഴിഞ്ഞ   ഒരു   ദിവസം    കോതനല്ലൂർ    തൂവാനിസ   ധ്യാനകേന്ദ്ര൦   ഡയറക്ടർ    ബ.  ജിബിൽ    കുഴിവേലിലച്ഛൻറെ    ഒരു    വോയിസ്   ക്ലിപ്പ്    കേട്ടു.   അതിൽ   സഭയും    സമുദായവും    വളരെ   പ്രതിസന്ധിയിലൂടെ  കടന്നുപോവുന്നുവെന്നു    പറയുന്നു.   രാഷ്ട്രീയക്കാർ    47 - ൽ    എന്തു    സംഭവിച്ചു,    57 - ൽ   എന്ത്   സംഭവിച്ചു    എന്നു    പ്രസംഗിക്കുന്നതുപോലെ,   പ്രതിസന്ധി    എന്താണന്ന്    പറയുന്നില്ല;   പറയില്ല. പ്രതിസന്ധി    എന്താണന്നു   സത്യസന്ധതയോടെ   പറയുവാൻ    ഇവർ   ആരെ,   എന്തിനു    ഭയപ്പെടുന്നു?
മനുഷ്യ   മനസ്സിനെ   പേടിപ്പിച്ച്   ദുർബലമാക്കി   കാര്യം   കാണുന്നത്   വൃത്തികെട്ട   സ്വഭാവലക്ഷണമാണ്.
 
പള്ളിയിലും   ധ്യാനത്തിലും    ചെല്ലുന്നിടത്തുമെല്ലാം   വലിയ   പ്രതിസന്ധി,  സഭ,  വിശുദ്ധ   ഗ്രന്ഥം,   സഭയുടെ   പശ്ചാത്തലത്തിൽ,   ദൈവത്തിന്റെ    പദ്ധതി,  ..............  എന്നെല്ലാം   പറഞ്ഞു    സാധാരണക്കാരെ   കബളിപ്പിക്കുകയും   ഭയപ്പെടുത്തുകയും   ചെയ്യുന്നു.   സത്യത്തിൽ   ഇത്   കൊടിയ    മാരക   പാപങ്ങളിൽ   ഒന്നല്ലേ.   വൃത്തിയായ    കൈകൾ   കൊണ്ടെ  വൃത്തിയാക്കുവാൻ   സാധിക്കു.
 
ജിബിലച്ഛൻ   പറയുന്നു,   സഭയ്ക്കും   സമുദായത്തിനും   ഇത്   ആദ്യമായിട്ടല്ല   പ്രതിസന്ധികൾ   ഉണ്ടാവുന്നതെന്നും,   വിശുദ്ധ   ഗ്രന്ഥത്തിൽ   ഇസ്രായേൽ   ജനം   പ്രതിസന്ധിയിലൂടെ    കടന്നുപോയിട്ടുണ്ടെന്നും,  ചെങ്കടലിന്റെ   തീരത്ത്   ജനം   മോശയെ   അനുസരിച്ചതുപോലെ   ഇവരെ   കണ്ണും   പൂട്ടി    അനുസരിക്കുകയെന്ന്.   മോശ    സ്വന്തം    ജനത്തെ   നയിച്ചതുപോലെയാണോ   ജിബിലച്ഛനും    മറ്റച്ഛന്മാരും   മെത്രാന്മാരും   നയിക്കുന്നത്.   മോശ   സ്വജനത്തെ   ഉപേക്ഷിച്ചോ?   എന്നാൽ   ഇന്ന്   കോട്ടയത്തിനു   പുറത്തു   താമസിക്കുന്ന   ക്നാനായരുടെ   പിതാവ്,   ഞാനല്ലന്ന്   കോട്ടയം   പിതാവ്   പറഞ്ഞു   ഉപേക്ഷിക്കുകയും,   അയൽവക്കത്തെ   ചേട്ടനാണ്   നിങ്ങളുടെ   പിതാവെന്ന്   പറയുകയും     ചെയ്തതുപോലെ    മോശ   ചെയ്തോ?   പിന്നെ    നിങ്ങൾക്ക്‌    സ്വയം   നിങ്ങളെ   എങ്ങനെ   മോശയോട്   ഉപമിക്കുവാനാവും?    എന്നാൽ   അമേരിക്കൻ   ക്നാനായർക്ക്   തങ്ങളുടെ   അപ്പനെ    അറിയാവുന്നതുകൊണ്ട്   അയൽവക്കത്തെ    ചേട്ടനെ    അപ്പനാക്കുകയുമില്ല.   ഒരു    പരിധിവരെ   ഒന്നും    ചിന്തിക്കാതെ    നിങ്ങളെ   അന്ധമായി   വിശ്വസിക്കുന്ന   ജനങ്ങളും   ഇതിനുത്തരവാദികളാണ്.     
 
മോശ    പറഞ്ഞു,  ജനങ്ങൾ   ശാന്തരായി    ഇരുന്നാൽ   മതിയെന്ന്.  മോശയുടെ   പ്രാർത്ഥന   ദൈവം    കേട്ടതുപോലെ   നിങ്ങളുടെയും   ഞങ്ങളുടെയും   പ്രാർത്ഥന   ദൈവം    കേട്ടിരുന്നെങ്കിൽ   ഇന്ന്   ലോകത്തിൽ   ആരെങ്കിലും   ഉണ്ടാവുമായിരുന്നോ.    പ്രാർത്ഥനയ്ക്ക്   അതീവശക്തിയുണ്ടെന്ന്   സമ്മതിക്കുന്നു.   അതുകൊണ്ട്   ഒരു   ജീവിതം   മുഴുവൻ   പ്രാർത്ഥനയ്ക്കായ്   ഉഴിഞ്ഞുവയ്ക്കുന്നതും,    ദൈവത്തിൽ    പ്രത്യാശ   വച്ച്   ചെയ്യേണ്ട   കാര്യങ്ങൾ    ചെയ്യാതിരിക്കുന്നതും   ഭോഷത്തരമല്ലേ. 
 
ദൈവത്തെ    അറിഞ്ഞു   ദൈവത്തിലേക്ക്   അടുക്കുവാൻ   പ്രതിസന്ധികൾ   ആവശ്യമാണെന്ന്   ജിബിലച്ഛൻ  പറയുന്നു.  അതിന്   പ്രതിസന്ധിയല്ല ,  അനുഗ്രഹമാണ്   ആവശ്യം.  ഇപ്പോൾ    നടമാടിക്കൊണ്ടിരിക്കുന്നത്   സുഖലോലുപതയുടെയും    മദ്യാസക്തിയുടെയും   ജീവിത   വ്യഗ്രതയുടെയും  വിളയാട്ടമാണന്നും ,    അതുപോലെ   ഓറിയെന്റൽ   കോൺഗ്രിഗേഷനിൽനിന്നും   അപ്രതീക്ഷിതമായ   ഒരു   തീർപ്പ്   കൽപ്പിച്ചുവെന്നും   അദ്ദേഹം   പറയുന്നു.    അങ്ങനെയൊരു   കൽപ്പന   ലഭിച്ചുവെന്ന്   ബ .   ജേക്കബ്   അങ്ങാടിയത്ത്   പിതാവും   സമ്മതിക്കുന്നു.   എന്നിട്ട്,  എന്തുകൊണ്ട്    അങ്ങാടിയത്ത്   പിതാവ്   അത്   പുറത്തു   വിടാതെ  സൂക്ഷിക്കുന്നു,   എത്ര   കാലം   അത്    പുറത്തുവിടാതെ     സൂക്ഷിക്കുവാനാവും,    അഥവ,   അങ്ങാടിയത്ത്   പിതാവ്    അത്    പുറത്ത്‌  വിടാതിരുന്നാലും   ശേഷം   വരുന്ന    ആൾ    അത്    പ്രാബല്യത്തിൽ    വരുത്തുകയില്ലന്ന്   ആര്    കണ്ടു?   പറഞ്ഞു    തെറ്റിദ്ധരിപ്പിക്കുകയും    ഭയപ്പെടുത്തുകയും     ചെയ്യുന്ന     റോമിന്റെ   തീരുമാനങ്ങൾ   ഇവർക്ക്   ബാധകമല്ലേ. 
 
ജിബിലച്ഛന്റെ    പ്രസംഗത്തിൽ   നമുക്ക്   ദൈവത്തെക്കുറിച്ചുള്ള   ചിന്തയുണ്ടാവണമെന്നും,   ദൈവം   നിങ്ങളെ   സമയത്ത്   ഉയർത്തിക്കൊള്ളുമെന്നും,  വാക്ക്പയറ്റുകൾ   നിർത്തി    ഒരുമിച്ച്    പ്രാർത്ഥിക്കുവാനും,   ഉൽക്കണ്ഠകൾ    എല്ലാം    ദൈവത്തിൽ    അർപ്പിക്കുവാനും    പറയുന്നു.   എങ്കിൽപിന്നെ    എന്തിനാണ്   ജനങ്ങൾ   നിങ്ങളുടെ   അടുത്ത്   ധ്യാനത്തിനെന്നു    പറഞ്ഞു    വരുന്നത്. ദൈവത്തെക്കുറിച്ചുള്ള   ചിന്തയില്ലാഞ്ഞിട്ടാണോ   ഒരു    പള്ളിയിലല്ലങ്കിൽ   മറ്റൊരു    പള്ളിയിൽ    പോവുന്നത്.  ദൈവം   വെറുതെ   സമയത്ത്   ഉയർത്തിക്കൊള്ളുമെങ്കിൽ   എന്തിനാണ്   അഭി.   പിതാക്കന്മാരുടെ    പിന്നിൽ    പ്രാർത്ഥനയുടെ   കോട്ട   കെട്ടിയാൽ   മതിയെന്ന്   ജിബിലച്ഛൻ   പറയുന്നത്.   അധ്വാനിക്കാതെയുള്ള   പ്രാർത്ഥന   അർത്ഥശൂന്യവും   വ്യർത്ഥവും   ആണ്.   നിന്റെ   നെറ്റിയിലെ   വിയർപ്പുകൊണ്ട്   കഴിയുക   എന്ന   ബൈബിൾ   വാക്യത്തിന്റ   ആർത്ഥ൦   നമ്മൾ   എല്ലാം   ദൈവത്തിൽ    അർപ്പിച്ച്   മടിയന്മാരായിരിക്കരുത്   എന്നാണ്.   നാണയം   മണ്ണിൽ   കുഴിച്ചിട്ടവനെ   ശകാരിക്കുന്നതായിട്ടല്ലേ   വിശുദ്ധ   ഗ്രന്ഥം   പറയുന്നത്. നമ്മൾ   അധ്വാനിച്ചാലെ  ദൈവം   നമ്മുടെ  കാര്യത്തിൽ   ശ്രദ്ധാലുവാകു.  ശരിയായ   അധ്വാനമാണ്   ശരിയായ   പ്രാർത്ഥന.
 
ജിബിലച്ഛൻ   വീണ്ടും   പറയുന്നു,   പത്രോസ്   ശ്ലീഹ   പറഞ്ഞതുപോലെ  നിങ്ങളുടെ    ശത്രുവായ    പിശാച്   നിങ്ങളെ    വിഴുങ്ങുവാൻ   നടക്കുന്നുവെന്ന്.   ആ   കാര്യത്തിൽ    അദ്ദേഹം   പേടിക്കേണ്ട   ആവശ്യമില്ല.   പിശാചിനാറിയാം,   ക്നാനായ   സമുദായത്തെ   തകർക്കുവാൻ   ചെന്നിട്ട്   കാര്യമില്ലെന്ന്.   ഓറിയെന്റൽ    കോൺഗ്രിഗേഷനാണ്    അത്രപോലും   വിവരമില്ലാത്തത്.  അതുകൊണ്ട്   അലറിക്കൊണ്ട്   ആരെ   വിഴുങ്ങണമെന്ന്   വിചാരിച്ചു   നടക്കുന്ന   ഓറിയെന്റൽ   കോൺഗ്രിഗേഷനെ   വിവരങ്ങൾ   വ്യക്തമായി   പറഞ്ഞു   മനസ്സിലാക്കി ,  സമുദായത്തിന്റെ   ഒരു   മകൻ   എന്ന   നിലയിലുള്ള   ഉത്തരവാദിത്വം   നിറവേറ്റുന്നത്    ഉചിതമായിരിക്കും.