ദൈവത്തിന്റെ പദ്ധതി. ജോൺ കരമ്യാലിൽ , ചിക്കാഗോ

സാധാരണ    പൂജാരിവൃന്തങ്ങളിൽ    നിന്നും   കേൾക്കുന്ന   ഒരു   പ്രയോഗമാണ്   'ദൈവത്തിന്   ചില    പദ്ധതികൾ   ഉണ്ട്' ,   എന്ന്.   കേൾക്കുമ്പോൾ    ചിന്തിക്കുവാനോ ,  ചോദ്യങ്ങൾ   ചോദിക്കുവാനോ   തോന്നാത്ത   പ്രയോഗം.    കേൾക്കുന്നവൻ   അത്   ഭക്തിയായി   കരുതുകയും,  പറയുന്നവൻ   അതുകൊണ്ട്   നേട്ടമുണ്ടാക്കുകയും    ചെയ്യുന്നു.   ദൈവം   പദ്ധതികൾ   ഉണ്ടാക്കുന്നത്   ദൈവത്തിനു    വേണ്ടിയോ;   മനുക്ഷ്യർക്കു   വേണ്ടിയോ.   എല്ലാം   ദൈവത്തിന്   കൊടുക്കുക;  സമർപ്പിക്കുക   എന്നു   പറയുമ്പോൾ   ദൈവത്തിന്    എന്തൊക്കെയോ    കുറവുണ്ട്   എന്ന്   വേണ്ടേ   മനസ്സിലാക്കാൻ.   ഇല്ലായ്കയും   കുറവും    ബുദ്ധിമുട്ടും   ഉള്ളവനാണല്ലോ   കൊടുക്കുന്നത്.  
                 
ദൈവം    കഴിഞ്ഞാൽ    സീറോമലബ്ബാർ   കത്തോലിക്ക   സഭയുടെ  പരമോന്നത   പദവി   (സ്ഥാനം),   അതായത്   ദൈവത്തോട്   ഏറ്റവും    തൊട്ടടുത്ത   സ്ഥാനം    ഇപ്പോൾ    അലങ്കരിക്കുന്ന    വ്യക്തിയാണ്   അഭി.   കർദ്ദിനാൾ  മാർ   ജോർജ്ജ്   ആലഞ്ചേരി.  അദ്ദേഹത്തെ  ശാരീരികാസ്വസ്തയെ   തുടർന്ന്   ആശുപത്രിയിലാക്കി.   അദ്ദേഹം    ആശുപത്രിയിലായതും   രഹസ്യമായി    സൂക്ഷിച്ചു.   സ്വർഗ്ഗത്തിലും   ഭൂമിയിലും   ലഭിക്കാവുന്നതും   ഊഹിക്കാവുന്നതുമായ  എല്ലാ   സുഖസൗകര്യങ്ങളും   ഉള്ള   ഒരാൾ    അഴിമതിക്കേസിൽ   മനംനൊന്ത്   ആശുപത്രിയിൽ   ആയി   എന്നു   പറഞ്ഞാൽ   എന്ത്  അനുമാനിക്കണം.  

"നാല്   തുണ്ട്   തരിശുഭൂമിയേക്കാളും   വലുതാണെടാ   ഞങ്ങൾക്ക്   കർത്താവും   കത്തോലിക്കാ   സഭയും,   .......... "   എന്നൊരാൾ   എഴുതിയത്   വായിക്കുവാനിടയായി.  അതായത്   തരിശുഭൂമിയേക്കാളും    വലുതാണ്   കർത്താവും    കത്തോലിക്ക   സഭയുമെന്ന് ;  കർത്താവിനെയും   കത്തോലിക്കാ   സഭയെയും    ഉപമിക്കുവാൻ   (താരതമ്യപ്പെടുത്തുവാൻ)    ഉതകുന്നതാണ്   നാല്   തുണ്ട്   തരിശുഭൂമി.   അതുപോലെ   ആലഞ്ചേരിപ്പിതാവ്    അഭിക്ഷക്തനാണോ ;   അദ്ദേഹത്തിനെതിരെ   സംസാരിക്കുന്നവർ   അഭിക്ഷക്തത്താരാണോ   എന്നൊക്കെ   പറയുകയും   എഴുതുകയും   ചെയ്യുന്നു.   അത്   കത്തോലിക്ക   സഭയ്ക്ക്   ഒട്ടും   ഭൂഷണവുമല്ല .    എന്നാൽ   അവർ,  അവരുടെ   അഭിപ്രായങ്ങൾ   പറയുകയും   എഴുതുകയും   ചെയ്യുന്നു.   അങ്ങനെ   ചിന്തിക്കുവാനും   എഴുതുവാനും   ഉള്ള   അവസരം   ഒരുക്കാതിരിക്കണം.   ഇപ്പോൾ   എല്ലാവരും   മാർത്തോമ    വിശ്വാസികള ;   തൊട്ടെ   വിശ്വസിക്കു .    പണ്ടൊക്കെ   ഒരു   അഭിക്ഷക്തനെതിരെ   എന്തെങ്കിലും   പറയുകയോ   പ്രതികരിക്കുകയോ   ചെയ്താൽ   അവന്   ശാപമേൽക്കുമെന്നും ,  അവന്റെ   സ്വർഗ്ഗത്തിലേക്കുള്ള   വഴി   കെട്ടുകയും   ചെയ്യുമെന്ന്   പറഞ്ഞു   ഭയപ്പെടുത്തിയിരുന്നു.   സാക്ഷാൽ   ദൈവവും   കർത്താവുമായ   യേശുക്രിസ്തു,   തന്റെ   നെഞ്ചിൽ   കുത്തിയവനെ    അനുഗ്രഹിക്കുകയും   (കണ്ണിന്  കാഴ്ച്ച   കൊടുത്ത്) ,    തന്നെ   കൊല്ലുന്നവരോട്   പൊറുക്കുകയും   ആണ്   ചെയ്തത്.  അവിടെയും   ഒരു   വ്യത്യാസം,    ക്രിസ്തു   സാക്ഷാൽ   ദൈവവും ,  എന്നാൽ   സാക്ഷാൽ   ദൈവമാണെന്ന്   പറഞ്ഞു    ഭയപ്പെടുത്തുന്നവർ   പച്ച   മനുക്ഷ്യരും    ആണെന്നതാണ്.   സ്വർഗ്ഗത്തിലേക്കുള്ള    വഴി   പ്രത്യേകിച്ച്    ആരും   കെട്ടേണ്ടതില്ല ;  ഒരു   ചെറിയ   പാപത്തിലൂടെ   അത്    കെട്ടപ്പെട്ടോളും ;  അത്   അഴിക്കുവാനാണ്  പരസഹായം   വേണ്ടത്.

സീറോമലബ്ബാർ   കത്തോലിക്കസഭയുടെ   ആസ്ഥാനമായ   കാക്കനാട്ടെ   വലിയ   തിരുമേനി   അഴിമതിക്കേസിൽ,  അതും  91  കോടി   രൂപയുടെ    അഴിമതിയിൽ   മുങ്ങിനീരാടിക്കൊണ്ടിരിക്കുമ്പോഴും,   താൻ   അതൊന്നും   അറിഞ്ഞിട്ടില്ലന്നും,   തന്നെ   ഉപദേശകസമതി    കബളിപ്പിച്ചതാണെന്നും   പറയുന്നത്   വിശ്വസിക്കുവാനാകുമോ.   ഒരുപഷെ    അദ്ദേഹത്തിൻറെ    ആശ്രിതർ   വിശ്വസിക്കുമായിരിക്കും.    ഇവർക്ക്   വാക്ക്   മാറ്റിപ്പറയാനും   അസത്യം   പറയാനും   മടിയില്ലെന്ന്,  ഈ    പാവം   ആശ്രിതർക്കറിയില്ലല്ലോ.     ഈ   കച്ചവടം   മാർ    ആലഞ്ചേരിയുടെ   പിടിപ്പുകേടായി    കരുതുവാൻ    സാധ്യമല്ല ;   പിടിക്കപ്പെട്ടപ്പോൾ   പിടിപ്പുകേടാക്കി.    സർവ്വവിധ   സൗഭാഗ്യങ്ങളും   മുടിചൂടി    നിൽക്കുന്ന    അരമനകളും   അതിലെ   തലവന്മാരും   എന്തിന്   ഈ  അഴിമതി   കാട്ടുന്നു.   വിഹിതങ്ങൾ   കൃത്യമായിട്ട്   കുറഞ്ഞതിലൊ ,  കിട്ടാത്തതിലൊ   പ്രതിക്ഷേധമുള്ളവരാകും    ഇത്   പുറത്ത്   കൊണ്ടുവന്നത്.   ഉദാഹരണത്തിന്   1 %  (ഒരു   ശതമാനം)   എന്നു   പറയുമ്പോൾ   കൊടുക്കാമെന്നു   തോന്നും ;  എന്നാൽ   ആ   ഒരു   ശതമാനം   ഒരു   കോടി   രൂപയാകുമ്പോൾ,  ദൈവത്തോട്   ഏറ്റവും   അടുത്തു   നിൽക്കുന്നവനാണെങ്കിലും   ഒന്ന്   ശങ്കിക്കും. 

എല്ലാ    സഭാനേതാക്കളും,   ഭയം   ശാപം   എന്നീ   രണ്ട്   പദങ്ങൾ    അവരുടെ   പ്രസംഗങ്ങളിൽ    നിന്നും   പുസ്തകങ്ങളിൽ   നിന്നും   നീക്കം   ചെയ്യേണ്ട   സമയവും,  കേൾക്കുന്ന   നമ്മൾ   ചിന്തിക്കേണ്ട   സമയവും   അതിക്രമിച്ചിരിക്കുന്നു.   സാധാരണ    വിശ്വാസികളെ    ഭയപ്പെടുത്തിയാണ്   കാര്യസാധ്യം    നേടുന്നത്.    ഇവർ   നടത്തുന്ന   അന്യായ    ധ്യാന - കരിസ്മാറ്റിക്കുകളിലൂടെ   എന്തുമാത്രം    ജനങ്ങളാണ്   കഷ്ടതയനുഭവിക്കുന്നത്!   കൂലിക്ക്   സാക്ഷ്യം    പറയിപ്പിക്കുന്ന   ധ്യാനവിരുത  ഗുരുക്കളെന്തിയെ    ഈ   അഴിമതിക്കച്ചവടം   ദിവ്യദർശനത്തിൽ   കാണാണ്ടിരുന്നത്.   ഭയവും   ശാപവും   ശരിയെങ്കിൽ   ഈ   പറയുന്ന   പൂജാരികൾ   അവരുടെ   അധികാരികളെ    എങ്ങനെ   വിമർശിക്കും ;  അവർക്ക്   ഇത്   അറിയില്ലായ്‌കയൊന്നുമില്ലല്ലോ .   ഇതൊക്കെ,  ഇന്നോ   ഇന്നലയോ   തുടങ്ങിയതല്ല ;   ലോകാരംഭവും   മതാരംഭവും   മുതലെയുള്ളതാണ് .  അന്ന്   ശാസ്ത്രം   ഇത്രയും   വളർന്നിട്ടില്ലായിരുന്നു .  ഇന്ന്   ഓരോ   പ്രവൃർത്തിയും   അത്  ചെയ്തുതീരുംമുൻപേ   മാലോകരിൽ  എത്തും.   അതുകൊണ്ടാണ്   ആലഞ്ചേരിപ്പിതാവ്   ഉൾപ്പെടെ   മറ്റു  പിതാക്കന്മാരും   അച്ഛന്മാരും  എപ്പോഴും   എവിടെയും   പ്രസംഗത്തിൽ   "നിങ്ങൾ   സോഷ്യൽ   മീഡിയായിൽ    എഴുതരുത്,   വായിക്കരുത്"   എന്ന്    എപ്പോഴും   പറയുന്നത്.   അവർക്ക്   സോഷ്യൽ   മീഡിയ   ഉപയോഗിക്കാം.   എന്തേ,  സാധാരണക്കാർ   ദൈവത്തിന്റെ    രണ്ടാംകുടിയിലെ    മക്കൾ   ആണോ?   
     
ഇവർ    എന്തിന്    സോഷ്യൽ   മീഡിയായെ    ഭയക്കുന്നു.  സാധാരണക്കാർ   സോഷ്യൽ   മീഡിയ   ഉപയോഗിക്കാതിരുന്നാൽ   അവർ   എങ്ങനെ   തങ്ങളുടെ   അഭിപ്രായങ്ങൾ   മറ്റുള്ളവരുമായി    പങ്കു   വയ്ക്കും.  ഇങ്ങനെയുള്ളവർക്ക്   ഞായറാഴ്ച   കുർബ്ബാനമദ്ധ്യേ   അഭിപ്രായങ്ങൾ   പറയുവാൻ   അവസരം   കൊടുക്കുമോ?  എന്തായാലും   ചെയ്യുന്ന   അവന്റെ   അത്ര    പാപം   പറയുന്നവനുണ്ടാവില്ലല്ലോ.   നമ്മൾ   വിശ്വസിക്കുന്നതിനുമുബ്‌    കണ്ടതും    കേട്ടതും   വിശ്വസനീയമാണോയെന്നു   ചിന്തിക്കണം.   കുർബ്ബാനയ്ക്കിടയിൽ,  കുർബ്ബാന   പുസ്തകത്തിനു   പുറത്തുനിന്ന്   ഒരു    വാക്ക്   കേട്ടാൽ   ഒന്നു    ചിന്തിച്ചിട്ടേ   വിശ്വസിക്കാവു.
ഒരു   മനുഷ്യനും   മറ്റൊരുവന്റെ   ചെയ്തികളെ    പൂർണമായിട്ടും      (100 %)   യോജിക്കുവാനാവില്ല.   നമുക്ക്,   നമ്മുടെ   മാതാപിതാക്കളോടും,  സഹോദരങ്ങളോടും,   ഭാര്യയോടും,    ഭർത്താവിനോടും,  മക്കളോടുമൊക്കെ   പലപ്പോഴും   ദേഷ്യം   തോന്നിയിട്ടില്ലേ.   ദൈവമായ   യേശുക്രിസ്തുവിനൊട്,  അമ്മയായ   മറിയം   കാനായിലെ    കല്യാണത്തിന്   വീഞ്ഞു   തീർന്നുപോയി   എന്ന്    പറഞ്ഞപ്പോൾ   "അതിന്   നമുക്കെന്ത്"  എന്നല്ലേ   ക്രിസ്തു   പറഞ്ഞത്.   അതുപോലെ    ക്രിസ്തു   ദേവാലയത്തിൽ   കച്ചവടം   നടത്തിയവരെ   ചാട്ടവാർകൊണ്ട്   അടിച്ച്   ഓടിച്ചില്ലേ.   ചിലപ്പോൾ   നിസ്സാര   പ്രശ്നപരിഹാരത്തിന്   ഒരു   സ്ത്രീ    ഒരു   പൂജാരിയെ   സമീപിച്ചാൽ,   അവളെ   സുഖിപ്പിച്ച്    മുഖസ്തുതിയിലൂടെ   സ്വന്തമാക്കുന്നവരെ   നമ്മുടെ   ഇടയിൽ   കാണാം.   അതുവഴി    മാതാപിതാക്കൾക്ക്   മകളെയും,   ഭർത്താവിന്   ഭാര്യയേയും,  മക്കൾക്ക്   ആമ്മയേയും,   കുടുംബത്തിന്   സൽപ്പേരും    നഷ്ടമാവുന്നു.   അതുവഴി   സഭകൾ   അസത്യമായിത്തീരുകയും    ദൈവത്തെവരെ   സംശയിക്കപ്പെടുകയും   ചെയ്യുന്നു.   ദൈവങ്ങൾ    ഭൂമിയിലേക്ക്   അവധാരമെടുത്തത്    സ്വരക്ഷയ്ക്കല്ല ;   മാനവ   രക്ഷയ്ക്കാണ്. 

മതങ്ങളുടെ,  പ്രത്യേകിച്ച്   ക്രിസ്തീയ   മതങ്ങളിലെ   വസ്തുതകൾ   കാര്യക്ഷമമായി   പ്രവർത്തിക്കണമെങ്കിൽ   പള്ളിക്കമ്മറ്റിയംഗങ്ങളെ   മുൻ‌കൂർ  അറിയിച്ച   പൊതുതെരഞ്ഞെടുപ്പിലൂടെ   തെരഞ്ഞെടുക്കുകയും ,  കച്ചവടമെന്റാലിറ്റിയോടെ   നടത്തുന്ന   അനാവശ്യ    ധ്യാനങ്ങൾ   നിർത്തലാക്കുകയും   ചെയ്യണം.  ധ്യാനങ്ങളിലൂടെ   കിട്ടുന്നതിന്റെ   വിഹിതം   കിട്ടുന്നതിനാൽ,  എന്തു    ചെയ്താലും   അധികാരികൾ    ധ്യാനത്തെ   മനസ്സില്ലമനസ്സോടെയാണങ്കിലും   പ്രോത്സാഹിപ്പിക്കും .  അത്   വളരെ   നിന്ദ്യവും   അപഹാസ്യവും   പൈശാചികവുമാണ് . 

കാക്കനാട്ടെ   91 കോടിയുടേത്   27 കോടിക്ക്   വിറ്റിട്ട്   കിട്ടിയത്   9  കോടിയെന്ന്   പറയുന്നു.  ഇത്   സത്യമോ ,  അതോ   18  കോടി   അമക്കിയതോ.  എന്തായലും   ഈ   നഷ്ടങ്ങൾ   ആര്   നികത്തും ;  അതും   അവർ   കഴുതകൾ   എന്നു   വിളിക്കുന്ന   പൊതുജനങ്ങൾ.   അങ്ങനെ   പൊതുജനങ്ങളുടെ   ബെൽറ്റിന്റെ   തുളയുടെ   എണ്ണവും,   അവരുടെ   ബെൽറ്റിന്റെ   നീളവും   കൂടും.  

സീറോമലബ്ബാർ   സഭയിൽ   സ്വത്തുതർക്കം   മൂലമുള്ള   തർക്കയുദ്ധത്തിൽ   ആലഞ്ചേരിപ്പിതാവിനെ   വധിക്കുവാൻ   ഒരു   മെത്രാനും   കുറെ   വൈദികരും  രംഗത്തുണ്ടെന്ന്   വായിക്കാനിടയായത്   അസ്വാഭാവികമല്ലെങ്കിലും,   അത്   നീതിക്കു   നിരക്കാത്തതും   അവലംബനീയവുമാണ്.   ഇവർക്ക്   എന്തിനാണ്   പണം?   ആർക്ക്   കൊടുക്കുവാനാണ്    ഇവർ   പണം   കൈകാര്യം   ചെയ്യുന്നത്.   ഇവർ   പണം   കൈകാര്യം   ചെയ്യുന്നതുകൊണ്ടാണ്   സമൂഹത്തിന്   കന്യകമാരെയും   കന്യാസ്ത്രീമാരേയും   ഭാര്യമാരെയും   നഷ്ടമാകുന്നത്.    സഭയെയോ,  വൈദികരേയോ,  ആലഞ്ചേരിപ്പിതാവിനെയോ   അപകീർത്തിപ്പെടുത്തുവാനല്ല   ഇതെഴുതുന്നത്.  പ്രത്യുത,   ദ്രവ്യാഗ്രഹം   മൂത്ത്   ലൗകീകമാകുന്ന   ഇവരാൽ,    സാധാരണ   ജനങ്ങൾ   ഭയപ്പെടാതിരിക്കുവാനും   കബളിപ്പിക്കപ്പെടാതിരിക്കുവാനും   അപഹാസ്യരാകാതിരിക്കുവാനും   ആണ്.    വൈദികവൃന്ദം   മുഴുവൻ   ഒരുപോലെയാണന്ന്    ഇതിനർത്ഥമില്ല;  നല്ലവർ    ധാരാളമുണ്ട്. 
ഈ   ഭൂമിയിടപാടിലും   ഭേദം,   പള്ളി    പണിയുവാൻ   സമാഹരിച്ച  മുക്കാൽ   കോടി   രൂപയുമായി    വികാരിയച്ഛൻ     കന്യാസ്ത്രീയുമായി    വിദേശത്തേയ്ക്ക്   ഒളിച്ചോടിയതാണ് ;   ചുരുങ്ങിയ   പഷം   ആ   ഇടവകക്കാർ   പിരിവെടുത്ത്   ഒരു   പെണ്ണിനെ   കെട്ടിച്ചുവിട്ടുവെന്ന്   സമാധാനിക്കാമല്ലോ.
എടപ്പള്ളിപ്പള്ളിയുടെ   നിർമ്മാണത്തിന്   15 കോടിയിലധികം  രൂപ   ചെലവഴിച്ചതിനെ   വിമർശിച്ച്   ആലഞ്ചേരിപ്പിതാവ്   ലളിത   ജീവിതത്തിന്   ഉടമയെന്ന്   വരുത്തി.   എന്നിട്ടും    സീറോമലബ്ബാറിൽ   അനേകം   കോടികൾ   മുടക്കിയല്ലേ   ഇന്നും   പള്ളികൾ    പണിയുന്നത്.   കോടികൾ   മുടക്കിപ്പണിയുന്ന   പള്ളികളിൽ   നിന്ന് ,  മറ്റു   പള്ളികളിൽ   നിന്നും   കിട്ടുന്നതിനേക്കാൾ   കൂടുതൽ   പുണ്യം   കിട്ടുമെന്ന്   വിശ്വസിക്കുകയോ,  വിശ്വസിപ്പിക്കുകയോ   ചെയ്യുന്നു.  ദൈവത്തിന്റെ    ആലയം   മനുഷ്യ   ഹൃദയമായിരിക്കണമെന്നും,  ദൈവത്തിനു   വസിക്കുവാൻ   ആവുന്ന   വിധം  മനുഷ്യ   മനസ്സിനെ   ശുദ്ധമാക്കണമെന്നും   പഠിപ്പിക്കുന്നു.   അങ്ങനെയാവുമ്പോൾ    കോടികൾ   ചെലവഴിച്ച്   ചന്തമേറുന്ന   പള്ളികൾ   നിർമ്മിക്കുമ്പോൾ   ആ   ഇടവകയിലെ   ജനങ്ങൾക്കെല്ലാം   തത്തുല്യമായ   വീടുകളും   ഉണ്ടായിരിക്കുമല്ലോ.  
ക്രിസ്തുവിനെ    ഒറ്റിക്കൊടുത്ത    യുദാസിനെ   നഖശിഖാന്തം   എതിർക്കുകയും   കുറ്റപ്പെടുത്തുകയും   ചെയ്യുന്നു.   യൂദാസ്   ഒറ്റിക്കൊടുക്കാതെയും,  ക്രിസ്തു   കുരിശുമരണം   വരിക്കാതെയുമിരുന്നുവെങ്കിൽ   ക്രിസ്തുമത   വിശ്വാസമനുസരിച്ച്   മാനവരാശിക്ക്   രക്ഷയുണ്ടാവുമായിരുന്നോ.   അതെല്ലാം   എഴുതപ്പെട്ടതും   സംഭവിക്കേണ്ടതുമല്ലായിരുന്നോ.   അങ്ങനെ   സംഭവിച്ചതുകൊണ്ടാണല്ലോ  പള്ളികളും   പള്ളിമേടകളും   അരമനകളുമെല്ലാം   പണിയിപ്പിച്ച്   ഉയർത്തുവാൻ   സാധിച്ചതും,   സാധിക്കുന്നതും.

ഇതെല്ലാം    എന്റെ   വ്യക്‌തിപരമായ  ചിന്തകളാണ്.   യോജിക്കുന്നവരോട്   പ്രത്യേക   സ്നേഹമോ;   വിയോജിക്കുന്നവരോട്  പിണക്കമോ   ഇല്ല . 

അറിഞ്ഞത്    കടുകോളം ,   അറിയുവാനുള്ളത്    കടലോളം. അറിയുംന്തോറുമാണ്    എന്തുമാത്രം   അറിയുവാനുണ്ടെന്ന്   അറിയുന്നത്.