സീറോമലബാര്‍ സഭ ആസ്‌ട്രേലിയായില്‍ മള്‍ട്ടിനാഷണല്‍ കമ്പനി, ഇപ്പോള്‍ ചാരിറ്റി സംഘടന

25/8/2017
സീറോമലബാര്‍ സഭ ആസ്‌ട്രേലിയായില്‍ മള്‍ട്ടിനാഷണല്‍ കമ്പനി, ഇപ്പോള്‍ ചാരിറ്റി സംഘടന
ഡോമിനിക്ക്‌ സാവിയോ വാച്ചാച്ചിറയില്‍
2017 ജൂണ്‍ 17-ലെ സത്യദീപത്തില്‍ സബ്‌ എഡിറ്റര്‍ ഷിജു അച്ചാണ്ടി ആസ്‌ട്രേലിയായിലെ മലയാളി മെത്രാന്‍ മാര്‍ ബോസ്‌ക്കോ പുത്തൂരുമായി നടത്തിയ അഭിമുഖ സംഭാഷണം രസമുള്ളതായിരുന്നു. മെല്‍ബണ്‍ രൂപതയേയും പ്രവാസി വിശ്വാസികളുടെ പ്രശ്‌നങ്ങളെയും കുറിച്ച്‌ നടത്തിയ സംഭാഷണത്തിലെ ആദ്യ ചോദ്യത്തിലെ പ്രധാന ഭാഗം ഇതായിരുന്നു. ഇപ്പോള്‍ ഏതാനും വര്‍ഷം വിദേശത്തു പ്രവര്‍ത്തിച്ചിട്ട്‌ കേരളത്തിലേക്കു നോക്കുമ്പോള്‍ കേരളത്തിലെ സഭയെക്കുറിച്ച്‌ എന്താണൊരു വിലയിരുത്തല്‍, എന്താണു പറയാനുള്ളത്‌?
ഇന്ന്‌ പ്രവാസിയെന്ന നിലയില്‍ എനിക്ക്‌ ആദ്യം പറയാനുള്ള ഒരു കാര്യമിതാണ്‌. പ്രവാസിയായ ഒരു വിശ്വാസി നാട്ടില്‍വന്ന്‌ ആദ്യകുര്‍ബാന സ്വീകരണമോ കല്ല്യാണമോ പോലുള്ള എന്തെങ്കിലും ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുമ്പോള്‍ പലപ്പോഴും അവരെ സാമ്പത്തികമായി പരമാവധി മുതലെടുക്കാന്‍ ശ്രമിക്കുകയും കഷ്‌ടപ്പെടുത്തുകയും ചെയ്യുന്ന അനുഭവം മാതൃ ഇടവകകളില്‍ നിന്നുണ്ടാകുന്നുണ്ട്‌. മരംപിടിച്ചു കുലുക്കി ഡോളര്‍ വീഴ്‌ത്തികൊണ്ടുവരുന്നവരാണ്‌ പ്രവാസികള്‍ എന്ന വിചാരം ``നാട്ടിലുള്ള ചിലര്‍ക്കുണ്ട്‌''. മാര്‍പുത്തുരിന്റെ ആരോപണത്തിന്‌ നാട്ടിലെ മെത്രാന്മാര്‍ എന്തു മറുപടി പറയും എന്നു കാത്തിരുന്നു കാണാം.
അയ്യോ പിതാവേ നാട്ടില്‍ പോയപ്പോള്‍ അവിടെ കുറെ രൂപ കൊടുത്തുപോയി. മെല്‍ബണില്‍ പിതാവിനു തരാന്‍ ഇനി അടുത്തമാസം ശമ്പളംകിട്ടട്ടെ എന്ന്‌ ആരെങ്കിലും മാര്‍ പുത്തൂരിനോടു പറഞ്ഞുകാണും. വൈദികരുടെ പാസ്റ്ററല്‍ കെയര്‍ എന്നാല്‍ പണം പിരിക്കല്‍ എന്നാെണല്ലോ ഇന്നത്തെ അര്‍ത്ഥം.
മെല്‍ബണിലെ ലത്തീന്‍സഭയുമായി യോജിച്ച്‌ ഏക കത്തോലിക്കാ സഭയായി പ്രവര്‍ത്തിക്കേണ്ട രംഗങ്ങളിലെല്ലാം അങ്ങനെതന്നെയാണോ നാം നീങ്ങുന്നത്‌ എന്ന ചോദ്യത്തിന്‌ മാര്‍ പുത്തൂരിന്റെ മറുപടി, ഇങ്ങനെ ``തീര്‍ച്ചായായും ആ കാര്യങ്ങളിലെല്ലാം വളരെ മാതൃകാപരമായ സമീപനമാണ്‌ അവിടത്തെ ലത്തീന്‍ രൂപതകളും മെത്രാന്മാരും സ്വീകരിക്കുന്നത്‌. ഓറിയന്റല്‍ മെത്രാന്മാരായ ഞങ്ങളെല്ലാം അവിടത്തെ ദേശീയ കത്തോലിക്ക മെത്രാന്‍ സംഘത്തിലെ അംഗങ്ങളാണ്‌. അവിടത്തെ മറ്റെല്ലാ മെത്രാന്മാരെയും പോലെ വിവിധ കമ്മീഷനുകളിലും സമിതികളിലുമെല്ലാം ചെന്ന സമയത്തുതന്നെ എന്നെയും നിയോഗിക്കുകയുണ്ടായി. വളരെ നല്ല അംഗീകാരവും പ്രോത്സാഹനവുമാണ്‌ ലത്തീന്‍ മെത്രാന്മാര്‍ പൗരസ്‌ത്യ റീത്തുകാര്‍ക്കു നല്‍കുന്നത്‌''.
പക്ഷെ ലത്തീന്‍കാരുടെ ഈ സഹകരണം തിരികെ നല്‍കുന്നതില്‍ സീറോ മെത്രാന്മാര്‍ പിന്നോട്ടാണെന്ന്‌ കാണുവാന്‍ കഴിയും. ചെല്ലുന്ന ഇടങ്ങളില്‍ നിന്നും സഹായവും സഹകരണവും നേടിയശേഷം സീറോ മലബാറുകാരെ ഭിന്നിപ്പിച്ച്‌ കൂടെ നിര്‍ത്താനാണ്‌ പരിശ്രമിക്കുന്നത്‌ സഭയുടെ സാര്‍വ്വത്രിക കാഴ്‌ചപ്പാട്‌ സീറോമലബാറുകാര്‍ക്കില്ല.
ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയായിട്ടാണ്‌ ആസ്‌ട്രേലിയയില്‍ സീറോ മലബാര്‍ സഭ രജിസ്റ്റര്‍ ചെയ്‌തിരുന്നത്‌. ഇതുകൊണ്ട്‌ രണ്ടു ലാഭമുണ്ട്‌, പള്ളി എന്ന രീതിയിലുള്ള ടാക്‌സില്‍ നിന്നും രക്ഷപെടാം. മള്‍ട്ടിനാഷണല്‍ കമ്പനിയാകുമ്പോള്‍ രാജ്യാന്തര ക്രയ വിക്രയത്തിന്‌ താമസം ഉണ്ടാകില്ല. അവിടെയും ടാക്‌സ്‌ കൊടുക്കേണ്ടിവരുന്നില്ല. കമ്പനിയുടെ ഒരു ശാഖയില്‍ നിന്നും മറ്റൊന്നിലേക്കെന്ന പോലെ പണം കൈകാര്യം ചെയ്യാം പള്ളികളാകുമ്പോള്‍ അത്‌ പറ്റില്ല. ടാക്‌സ്‌ കൊടുക്കുന്ന കാര്യത്തില്‍ കത്തോലിക്കാ വൈദികര്‍ എന്നും പിന്‍പന്തിയിലാെണല്ലോ.
യൂറോപ്യന്‍ രാജ്യങ്ങളില്‍ അജഗണങ്ങളെ തേടി ചെല്ലുന്ന സീറോ മലബാര്‍ മെത്രാന്മാര്‍ ലത്തീന്‍ പള്ളിയിലെ സൗകര്യങ്ങള്‍ ഉപയോഗിച്ചും വൈദികര്‍ അവിടത്തെ വികാരിമാരായി ജോലി ചെയ്‌ത്‌ ലത്തീന്‍ ശമ്പളം പറ്റികൊണ്ടാണ്‌ അവിടെ കഴിയുന്നത്‌. ഒരിക്കല്‍ യു.കെ യിലെ ഒരു പള്ളിയില്‍ കുര്‍ബാന മദ്ധ്യേ മാര്‍ ബോസ്‌ക്കോ പുത്തൂര്‍ പറഞ്ഞത്‌, സീറോ മലബാറുകാര്‍ ലത്തീന്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്നത്‌ ആസ്‌ട്രേലിയായിലെ Mc Donalds ല്‍ പോയി ബര്‍ഗര്‍കഴിക്കുന്നതിനു തുല്യമാണെന്ന്‌. മാര്‍ പുത്തൂരിന്റെ തനി നിറമാണിത്‌ക്കാണുന്നത്‌.
2010 ഒക്‌ടോബറില്‍ മധ്യപൂര്‍വ്വദേശത്തുള്ള മെത്രാന്മാരുടെ ഒരു സിനഡ്‌ മാര്‍പാപ്പറോമില്‍ വിളിച്ചു ചേര്‍ത്തിരുന്നു. സീറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ച്‌ മാര്‍ബോസ്‌ക്കോ പുത്തൂരാണ്‌ അതില്‍ പങ്കെടുത്തത്‌. സീറോ മലബാറുകാര്‍ ഗള്‍ഫില്‍ നേരിടുന്ന പ്രശ്‌നങ്ങളാണ്‌ പിതാവ്‌ സിനഡില്‍ അവതരിപ്പിച്ചത്‌. ഗള്‍ഫില്‍ സീറോ മലബാര്‍ വിശ്വാസികള്‍ പോയത്‌ കുര്‍ബാന കാണാനല്ല വചനപ്രഘോഷണം കേള്‍ക്കാനല്ല, അഷ്‌ടിക്കുവക തേടാനാണ്‌ കുടുംബമായി താമസിക്കാനോ വസ്‌തു വാങ്ങുന്നതിനോ അവിടെ കഴിയില്ല എന്നറിയാമായിരുന്നിട്ടും ഗള്‍ഫ്‌ മേഖലയില്‍ ഇടവകയും രൂപതയും വേണമെന്നാണദ്ദേഹം ആവശ്യപ്പെട്ടത്‌. മാര്‍ ബോസ്‌ക്കോയുടെ ഈ ശുഷ്‌കാന്തി എന്തിനാണെന്നറിയാമല്ലോ? അജഗണങ്ങളെ അന്വേഷിച്ച്‌ ആഫ്രിക്കയിലേക്ക്‌ പണ്ടൊരു സീറോമലബാര്‍ വൈദികന്‍ പോയിരുന്നു കുറേനാള്‍ കറങ്ങി കണക്കെടുത്തതിനുശേഷം അവിടത്തെ ബുദ്ധിമുട്ടും പണത്തിന്റെ സാദ്ധ്യത ഇല്ലായ്‌മയും കണ്ടിട്ടാകാം അദ്ദേഹം പിന്നെ ആ വഴി വള്ളം വെച്ചില്ല.
യൂറോപ്യന്‍ രാജ്യങ്ങളിലെത്തുന്ന സീറോ മലബാര്‍ നേതാക്കളോട്‌ ലത്തീന്‍ മെത്രാന്മാര്‍ പറയാറുണ്ട്‌ നിങ്ങള്‍ വേറെ പള്ളി പണിയണ്ട നിങ്ങള്‍ക്കു ഞങ്ങളുടെ പള്ളി വെറുതെ തരാം ആഴ്‌ചയിലൊരു ലത്തീന്‍ കുര്‍ബാനക്ക്‌ അവസരം തന്നാല്‍ മതിയെന്ന്‌. നമ്മുടെ മെത്രാന്മാര്‍ക്ക്‌ സ്വന്തം പള്ളിയും കത്തീഡ്രലും സീറോ മലബാര്‍ വിശ്വാസികളില്‍ നിന്നും തന്നെ ഉണ്ടാക്കണം. യാതൊരു താല്‌പര്യവും ഇല്ലങ്കിലും അരമനസോടെ സ്വീകരിച്ചതാണ്‌ ലണ്ടനിലെ പ്രിസ്റ്റണ്‍ രൂപതയുടെ കത്തീഡ്രല്‍, സീറോമലബാര്‍ സഭയുടെ ആസ്ഥാനമാണിന്ന്‌. അവിടുത്തെ കാര്യങ്ങള്‍ നേരത്തെ നടത്തിയിരുന്നത്‌ പ്രായം ചെന്ന ഒരു സ്‌ത്രീയായിരുന്നു. ഒരു വലിയ പള്ളി അങ്ങനെ സീറോ മലബാര്‍ നേതാക്കള്‍ കൈയ്യേറ്റു. കുറെ കഴിഞ്ഞപ്പോള്‍ വ്യവസ്‌തപ്രകാരമുള്ള ഇംഗ്ലീഷ്‌ ലത്തീന്‍ കുര്‍ബാന നിരോധിച്ചു. അതിനെതിരെ മുന്‍പറഞ്ഞ സ്‌ത്രീ കോടതിയില്‍ കേസ്‌ കൊടുത്തിരുന്നു. പിന്നീട്‌ സമ്മര്‍ദ്ദത്താല്‍ കേസ്‌ പിന്‍വലിക്കപ്പെട്ടു എന്നു കേള്‍ക്കുന്നു. ലത്തീന്‍കാരുടെപള്ളി സീറോമലബാറുകള്‍ക്ക്‌ അത്ര സ്വീകാര്യമല്ല. അവര്‍ക്ക്‌ പണം പിരിച്ച്‌ പുത്തന്‍ പള്ളി പണിയണം. പണി നടന്നെങ്കിലല്ലേ കൈയ്യില്‍ കാശ്‌വരു. എന്നിട്ടവര്‍ പറയുന്നത്‌ ലത്തീന്‍ പള്ളികള്‍ സീറോ മലബാര്‍ സഭയുടെ പൈതൃകത്തിനു ചേര്‍ന്നതല്ല എന്നതാണ്‌.
ഇതില്‍ നിന്നെല്ലാം മനസിലാകുന്നത്‌ സീറോമലബാര്‍ സഭ എന്ന ലേബലില്‍ വിശ്വാസികളെ വര്‍ഗ്ഗീകരിച്ച്‌ ഒരു വലിയ സംഘം പുരോഹിതരുടെ സുഖ ജീവിതം മാത്രമാണ്‌ ലക്ഷ്യംവെയ്‌ക്കുന്നത്‌ എന്നു തന്നെയാണ്‌. അതു നിലനിര്‍ത്താന്‍ എന്ത്‌ കള്ളങ്ങളും അവര്‍ കാണിക്കുകയും പറയുകയും ചെയ്യും. മള്‍ട്ടി നാഷണല്‍ കമ്പനിയെന്നതിനെക്കാള്‍ ലാഭകരം ചാരിറ്റി സംഘടന ആണെന്നു കണ്ടിട്ടാകാം ഇപ്പോള്‍ മൂന്നു മാസമായി മെല്‍ബണ്‍ രൂപത ചാരിറ്റി സംഘടനയായിട്ടാണ്‌ റജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌.