സീറോ മലബാര്‍ സഭ കോട്ടയം അതിരൂപതയുടെ അമ്മയോ പുത്രിയോ ദത്തുപുത്രിയോ?

26/01/2019
സീറോ മലബാര്‍ സഭ കോട്ടയം അതിരൂപതയുടെ അമ്മയോ പുത്രിയോ ദത്തുപുത്രിയോ?
ഡോമിനിക്ക്‌ സാവിയോ വാച്ചാചിറയില്‍, 9446140026 

സീറോ മലബാര്‍ സഭ നമ്മുടെ അമ്മയാണെന്ന്‌ കോട്ടയം അതിരൂപതാദ്ധ്യക്ഷനും സഹായമെത്രാനും പ്രചരിപ്പിക്കുന്ന ഇന്നത്തെ പശ്ചാത്തലത്തില്‍ അതൊന്നു പരിശോധിക്കുന്നത്‌ നല്ലതായിരിക്കും.
1887 മെയ്‌ 20ന്‌ ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പ ക്വോദ്‌യാംപ്രീദം എന്ന ശ്ലൈഹിക തിരുവെഴുത്തുവഴി വരാപ്പുഴ അതിരൂപതയില്‍ നിന്നും പൗരസ്‌ത്യ കത്തോലിക്കരെ വേര്‍തിരിച്ച്‌ തൃശൂര്‍ കോട്ടയം വികാരിയാത്തുകള്‍ സ്ഥാപിച്ച്‌, ലത്തീന്‍ മെത്രാന്മാരെ തന്നെ ആധിപന്മാരായി നിയമിച്ചു. തദ്ദേശീയരായ മെത്രാന്മാരെ ലഭിക്കുന്നതിനുള്ള മര്‍ത്തോമ്മാ ക്രിസ്‌ത്യാനികളുടെ ആഗ്രഹത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി 1896-ല്‍ തൃശൂര്‍, എറണാകുളം, ചങ്ങനാശേരി എന്നീ മൂന്നു വികാരിയാത്തുകളായി പുനര്‍നിര്‍ണ്ണയിച്ച്‌ തദ്ദേശീയമെത്രാന്മാരെ നിയമിച്ചു. 1923 ഡിസംബര്‍ 21ന്‌ പതിനൊന്നാം പീയൂസ്‌ മാര്‍പാപ്പ സീറോ മലബാര്‍ ഹയരാര്‍ക്കി സ്ഥാപിച്ചു.
പൗരസ്‌ത്യസഭകള്‍ക്കു വേണ്ടിയുള്ള കാനോന്‍ നിയമം 1911-ല്‍ റോമില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ സീറോമലബാര്‍ സഭ പുതിയ പൗരസ്‌ത്യ കാനോന്‍ നിയമസംഹിത വിഭാവനം ചെയ്യുന്ന തരത്തിലുള്ള ഭരണ സംവിധാനങ്ങളിലൊന്നും ഉള്‍പ്പെട്ടിരുന്നില്ല. എന്നു മാത്രമല്ല ലത്തീന്‍ സഭയുടെ പ്രൊവിന്‍സുകള്‍ പോലെ തന്നെ നേരിട്ടു പരിശുദ്ധ സിംഹാസനത്തെ ആശ്രയിക്കുന്ന രണ്ടു സ്വതന്ത്ര മെത്രാപ്പോലീത്തന്‍ പ്രവിശ്യകളായിട്ടാണു നിലനിന്നിരുന്നത്‌.
പൗരസ്‌ത്യ കാനോന്‍ സംഹിതയുടെ കാഴ്‌ചപ്പാടനുസരിച്ചുള്ള ഒരു സഭയായി സീറോമലബാര്‍ സഭയെ ഉയര്‍ത്താനുള്ള ശ്രമഫലമായിട്ടാണ്‌ 1992 ഡിസംബര്‍ 16ന്‌ ക്വേമയോരി എന്ന ശ്ലൈഹിക രേഖ വഴി ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ സീറോ മലബാര്‍ സഭയെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയായി ഉയര്‍ത്തി മേജര്‍ ആര്‍ച്ച്‌ ബിഷപ്പിനെ നിയമിച്ചത്‌. എന്നിരുന്നാലും മെത്രാന്മാരുടെ തെരഞ്ഞെടുപ്പ്‌ ആരാധനക്രമ സംബന്ധമായ കാര്യങ്ങള്‍ എന്നിവയില്‍ തീരുമാനം എടുക്കാനുള്ള അധികാരം മാര്‍ പാപ്പയില്‍ തന്നെ നിക്ഷിപ്‌തമായിരുന്നു.
തോമാശ്ലീഹായുടെ പാരമ്പര്യം അവകാശപ്പെടുന്ന നാട്ടുക്രിസ്‌ത്യാനികള്‍ക്ക്‌ സ്വയം രൂപപ്പെട്ടതോ ആര്‍ജ്ജിച്ചെടുത്തതോആയ ആരാധനക്രമവും ദൈവശാസ്‌ത്രവും ശിക്ഷണക്രമവും സ്വന്തമായിട്ടില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം. കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പറയുന്നതിങ്ങനെ ``പൗരസ്‌ത്യ സുറിയാനി ആരാധനക്രമം ഭാരതത്തില്‍ രൂപപ്പെട്ടു വികസിച്ചു വന്നതല്ല. തോമാശ്ലീഹായുടെ മരണത്തിനു മുന്‍പായി അദ്ദേഹം ഏതെങ്കിലും മെത്രാനെ മലങ്കരയില്‍ വാഴിച്ചിരുന്നോ എന്ന്‌ നമുക്കറിഞ്ഞുകൂടാ. വലിയ ദൈവശാസ്‌ത്ര സ്‌കൂളുകളൊന്നും കേരളത്തിലുണ്ടായിരുന്നില്ല. ക്‌നായിതൊമ്മനും അദ്ദേഹത്തിന്റെ സമൂഹവും കേരളത്തില്‍ വന്നത്‌ ഏ.ഡി. 345 ല്‍ ആണ്‌. അത്‌ അന്ന്‌ ജീവിച്ചിരുന്ന മാര്‍ത്തോമ്മാ ക്രിസ്‌ത്യാനികള്‍ക്ക്‌ ഉണര്‍വ്‌ നല്‍കി. സമൂഹത്തില്‍ നമുക്ക്‌ ഉയര്‍ന്നപദവിയും കിട്ടി. ആദിമക്രിസ്‌ത്യാനികള്‍ സംസ്‌കാരത്തിന്റെ കാര്യത്തില്‍ ഹൈന്ദവമോ, ഭാരതീയമോ ആയ രീതികള്‍ പുലര്‍ത്തിപ്പോന്നു. എന്നാല്‍ ആരാധനക്രമത്തിന്റെ കാര്യത്തില്‍ പൗരസ്‌ത്യ സുറിയാനി രീതി ക്‌നായിതൊമ്മന്റെ കാലം മുതല്‍ പിന്തുടര്‍ന്നു പോന്നു. മധ്യ പൗരസ്‌ത്യദേശത്തുനിന്നും വന്ന മെത്രാന്മാരാണ്‌ ഈ ആരാധനക്രമം ഇന്നാട്ടുകാരെ പരിചയപ്പെടുത്തിയത്‌.'' (തുറന്ന മനസ്സോടെ പേജ്‌ 98) ആരാധനക്രമത്തിന്റെ ഉറവിടത്തെപ്പറ്റി ഇതില്‍ കൂടുതല്‍ ആധികാരികമായ ഒരു സാക്ഷ്യം വേണമെന്നു തോന്നുന്നില്ല. 
മാര്‍ത്തോമ്മാ സഭയിലെ ക്രിസോസ്റ്റം മെത്രാപ്പോലീത്തായുടെ വാക്കുകള്‍ �`സുറിയാനി ആരാധനക്രമം ഉപയോഗിക്കുന്നു എന്ന അര്‍ത്ഥത്തില്‍ മാത്രമാണ്‌ മാര്‍ത്തോമ്മാസഭ ഒരു സുറിയാനി സഭയായിരിക്കുന്നത്‌. ക്‌നാനായക്കാരെ ഒഴിച്ചു നിര്‍ത്തിയാല്‍ സുറിയാനി ക്രിസ്‌ത്യാനികള്‍ ആരും സുറിയാനിക്കാരല്ല.' (കമ്പോള സമൂഹത്തിലെ ക്രൈസ്‌തവസാക്ഷ്യം പേജ്‌ 55) ചങ്ങനാശേരി അതിരൂപതയിലെ ചരിത്രകാരന്മാര്‍ക്ക്‌ ഇക്കാര്യത്തില്‍ നേരത്തെ വ്യക്തമായ നിലപാടുണ്ടായിരുന്നു. ഒരു കാര്യം നോക്കാം. ``കേരള സഭയുടെ പേര്‍ഷ്യന്‍ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍, ക്‌നായി തോമ്മന്റെയും അനുയായികളുടെയും കുടിയേറ്റം ആ ബന്ധത്തിലെ ഒരു പ്രധാന കണ്ണിയും മാര്‍ത്തോമ്മാ ക്രിസ്‌ത്യാനികളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലുമാണെന്നു കാണാം''. (ചങ്ങനാശേരി അതിരൂപത ഇന്നലെ, ഇന്ന്‌ പേജ്‌ 15)'.
പൗരസ്‌ത്യ കാനോന്‍ നിയമപ്രകാരം സഭയിലുള്ള അധികാരങ്ങളും പള്ളിവക സ്വത്തുക്കളിന്മേലുള്ള പൂര്‍ണ്ണമായ ആധിപത്യവും നമ്മുടെ മെത്രാന്മാരുടെ സമനില തകര്‍ത്തുകളഞ്ഞു എന്നതാണു സത്യം. മാര്‍ത്തോമ്മാ നസ്രാണികളടെ പുരാതന ഭരണനിയമമായ മാര്‍ത്തോമ്മായുടെ നിയമംവച്ചുകൊണ്ട്‌ തങ്ങളുടെ സഭയെ ഭരിച്ചാല്‍ അതില്‍ ഇടവകയോഗത്തിനായിരിക്കും അധികാരമെന്നും, തങ്ങള്‍ വെറും ആധ്യാത്മിക വ്യാപാരങ്ങളിലേര്‍പ്പെടുന്നവരായിരിക്കും എന്ന തിരിച്ചറിവ്‌ നമ്മുടെ മെത്രാന്മാര്‍ക്കുണ്ടായി. അതിനെ അതിജീവിക്കുവാനായിട്ടാണ്‌ തങ്ങളുടേതല്ലാത്ത ആരാധനക്രമത്തിന്റെ മഹത്വവും പൈതൃകവും പാടി അതിന്റെ സംരക്ഷണം സ്വയം ഏറ്റെടുത്തത്‌. പൗരസ്‌ത്യ സുറിയാനിക്രമങ്ങളും ആചാരങ്ങളും ക്‌നായിതൊമ്മനും യൗസേഫ്‌ മെത്രാനും ഇവിടെ എത്തിച്ചതാണ്‌ പൗരസ്‌ത്യ കാനോന്‍ നിയമത്തില്‍ കല്‍ദായ സഭയെ അംഗീകരിക്കുന്നുമുണ്ട്‌. യഥാര്‍ത്ഥ അവകാശികളായ ക്‌നാനായ കത്തോലിക്കാ സമൂഹത്തിന്‌ ഒന്നും കൊടുക്കാതെ സീറോമലബാര്‍ മെത്രാന്മാര്‍ അകറ്റി നിര്‍ത്തിയിരിക്കുകയും ചെയ്യുന്നു. പൗരസ്‌ത്യ കാനോന്‍ നിയമത്തിന്റെ സംരക്ഷണത്തില്‍ അഭയം കണ്ടെത്തുന്ന മെത്രാന്മാര്‍ക്കു മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗം ഇന്നൊരു സെമിനാര്‍ വിഷയം മാത്രം. സീറോ മലബാര്‍ പള്ളികളെല്ലാം കുറേക്കാലമായി ഉയര്‍ത്തിക്കൊണ്ടുവരുന്ന വികലചരിത്രങ്ങള്‍ പരസ്‌പരബന്ധമില്ലാതെ നില്‌ക്കുകയും ചെയ്യുന്നു. കടുത്തുരുത്തിയിലെ പാലാ രൂപതയുടെ പള്ളിക്കാര്‍ പറയുന്നത്‌ അവരുടെ മുന്‍ഗാമികള്‍ യഹൂദരായിരുന്നു എന്നാണ്‌. ഇതുവരെ പറഞ്ഞുവന്നിരുന്നത്‌ നമ്പൂതിരിമാരുടെ പിന്‍ഗാമികളായിരുന്നു എന്നാണ്‌. മര്‍ത്തോമ്മാ പള്ളികള്‍ തമ്മില്‍ പൂര്‍വ്വചരിത്ര നിര്‍മ്മാണത്തില്‍ വൈരുദ്ധ്യതയുണ്ട്‌. ചരിത്രപരമായ യാഥാര്‍ത്ഥ്യങ്ങളുടെ വെളിച്ചത്തില്‍ ക്‌നാനായ കത്തോലിക്കരുടെ കോട്ടയം അതിരൂപത മാത്രമേ പൗരസ്‌ത്യ കാനോന്‍ നിര്‍വചനത്തില്‍ ഉള്‍പ്പെടുകയുള്ളു. മറ്റു രൂപതകളെല്ലാം ഉറവിടങ്ങളിലേക്ക്‌ തിരിയണം എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രബോധനം അനുസരിക്കുവാന്‍ തയ്യാറായാല്‍, മാര്‍ത്തോമ്മാ നസ്രാണികളുടെ ഭരണക്രമമായ മാര്‍ത്തോമ്മായുടെ നിയമത്താലാണ്‌ ഭരിക്കപ്പെടേണ്ടത്‌.
ഇനിയും നമുക്ക്‌ ആദ്യം ചിന്തിച്ച ഉറവിടങ്ങളിലേക്കുള്ള തിരിച്ചുപോക്കിനെക്കുറിച്ച്‌ സംസാരിക്കാം. ഓരോ ക്രിസ്‌തീയസഭകളും തങ്ങളുടേതായ ഉറവിടങ്ങളിലേക്കു തന്നെ മടങ്ങണം അതാണ്‌ വത്തിക്കാന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നത്‌. അപ്പോള്‍ തങ്ങളുടേതല്ലാത്തത്‌ കൈവശം വന്നു ചേര്‍ന്നിട്ടുണ്ടെങ്കില്‍ അവ മടക്കികൊടുക്കേണ്ടതുമാണ്‌. ചങ്ങനാശ്ശേരി അതിരൂപതയുടെ മാര്‍ത്തോമ്മാ വിദ്യാനികേതന്‍ പ്രസിദ്ധീകരണമായ ``ലിറ്റര്‍ജിയും പൗരസ്‌ത്യ കാനന്‍സംഹിതയും'' എന്ന ഗ്രന്ഥത്തില്‍ പറയുന്നു. ``പരിധിവിട്ട തല്‍ക്കാല നിവൃത്തിക്കുവേണ്ടി നിങ്ങളുടെ തന്നെ ആളുകളുടെ സംവേദനശക്തിയെ ഒറ്റിക്കൊടുത്തുകൊണ്ട്‌ നിങ്ങളുടേതല്ലാത്ത സംസ്‌കാരങ്ങളെയും പാരമ്പര്യങ്ങളെയും അനുകരിക്കാന്‍ ശ്രമിക്കരുത്‌.'' (പേജ്‌ 34). പാലാ ബിഷപ്പ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ തന്റെ ദൈവശാസ്‌ത്ര നിഘണ്ടുവില്‍, പൗരസ്‌ത്യസഭകളുടെ നിയമസംഹിത വിവരിച്ചതിനുശേഷം ഇങ്ങനെ എഴുതിയിരിക്കുന്നു. ``സീറോ മലബാര്‍ സഭയിലെ പ്രത്യേക നിയമങ്ങള്‍ ഈ പൊതുനിയമസംഹിതയുടെ വെളിച്ചത്തില്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ മാര്‍ത്തോമ്മാ നസ്രാണികളുടെ ആധ്യാത്മികവും സാമൂഹികവുമായ ജീവതശൈലിയുടെ സാരസത്തായ മാര്‍ത്തോമ്മാ മാര്‍ഗ്ഗം അടിസ്ഥാനപ്രമാണമായിരിക്കണം'' (പേജ്‌ 326) കല്ലറങ്ങാട്ട്‌ പിതാവിന്‌ ഇക്കാര്യത്തില്‍ ഒരുകാലത്ത്‌ ഉറച്ചനിലപാടുണ്ടായിരുന്നു.
നിര്‍ഭാഗ്യമെന്നു പറയട്ടെ സീറോ മലബാര്‍ സഭയിലെ വര്‍ത്തമാനകാല ചരിത്രകാരന്മാര്‍ ചിലമെത്രാന്മാരുടെ ഒത്താശയോടെ തങ്ങളുടെ മര്‍ത്തോമ്മാ പാരമ്പര്യം ഉപേക്ഷിച്ച്‌ ക്‌നാനായക്കാരുടെ തനതായ ആരാധനക്രമവും പൈതൃകവും സ്വന്തമാക്കുകയും യഥാര്‍ത്ഥ അവകാശികളെ ഇല്ലായ്‌മ ചെയ്യുവാന്‍ കോപ്പു കൂട്ടുന്നതിനെക്കുറിച്ച്‌ മുകളില്‍ പ്രസ്‌താവിച്ചല്ലോ ഉറവിടങ്ങളിലേക്ക്‌ മടങ്ങാന്‍ തയ്യാറാകാത്ത കാലത്തോളം സ്വന്തമെന്നു പറയാന്‍ ഒന്നുമില്ലാതെ മര്‍ത്തോമ്മാ പാരമ്പര്യം പറയുന്ന സീറോ മലബാറിലെ ഭൂരിപക്ഷ വിഭാഗം കെട്ടുകഥകളുടെ ശേഷിപ്പുമായി ആഗോള സഭയില്‍ ഒറ്റപ്പെട്ടു നില്‌ക്കുകയും ചെയ്യും. പൈതൃകമായി ലഭിച്ചതെല്ലാം വിലയറിയാതെ അയല്‍വാസികള്‍ക്ക്‌ വെറുതെ കൊടുത്തിട്ട്‌ സീറോ മലബാര്‍ സഭ അമ്മയാണെന്ന്‌ പറഞ്ഞു നടക്കുന്ന യഥാര്‍ത്ഥ സുറിയാനി മെത്രാന്മാര്‍ സ്വന്തം ജനങ്ങളെ വഞ്ചിക്കുകയും ചെയ്യുന്നു.
2003 ഡിസംബര്‍ 23-ന്‌ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മെത്രാന്മാരെ തെരഞ്ഞെടുക്കാനുള്ള അധികാരവും സീറോ മലബാര്‍ സിനഡിനു നല്‍കി. അങ്ങനെ സീറോ മലബാര്‍ സഭ പൗരസ്‌ത്യ കാനോന്‍ നിയമസംഹിത അനുസരിച്ച്‌ നൈയാമിക പൂര്‍ണ്ണതയുള്ള മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയായിത്തീര്‍ന്നു.
സീറോ മലബാര്‍സഭയിലെ ചരിത്രകാരനായ കൂടപ്പുഴയച്ചന്‍ പറയുന്നു: ``നമ്മള്‍ ഒരിക്കലും സ്വീകരിക്കരുതാത്ത പദവിയാണ്‌ ആര്‍ച്ച്‌ ബിഷപ്പ്‌ സ്ഥാനം പാട്രിയാക്കല്‍ സഭയാണ്‌ നമ്മള്‍. മറ്റ്‌ പൗരസ്‌ത്യ സഭകളില്‍ നിന്നും വ്യത്യസ്‌തരാണ്‌ നമ്മള്‍ മറ്റു പൗരസ്‌ത്യര്‍ റോമാ സാമ്രാജ്യത്തിന്റെ ഉള്ളിലുള്ള സഭയാണ്‌. റോമിലുള്ളവര്‍ ചോദിക്കുന്നത്‌ നിങ്ങള്‍ക്ക്‌ പ്രത്യേകമായിട്ടെന്തുണ്ട്‌? നിങ്ങള്‍ക്കെന്താ തനിമയായിട്ടുള്ളത്‌? നിങ്ങള്‍ക്ക്‌ പേട്രിയാക്കല്‍ സഭ എന്തിനാണ്‌? എന്നൊക്കെയാണ്‌. പൈതൃകം വീണ്ടെടുത്തു പരിപോഷിപ്പിക്കാതെ തനിമ വീണ്ടെടുക്കാതെ ടൈറ്റില്‍ വേണമെന്നു പറഞ്ഞാല്‍ കിട്ടില്ല.'' ഇതൊക്കെ അറിയാമായിരുന്നിട്ടും തങ്ങളുടേതല്ലാത്ത പൈതൃകം അടിച്ചുമാറ്റി സ്വന്തമെന്നു പറഞ്ഞ്‌ സീറോമലബാര്‍ സഭയെ പേട്രിയാക്കല്‍ സഭയാക്കാന്‍ ഓടി നടക്കുകയാണ്‌ കൂടപ്പുഴ അച്ചനും സംഘവും. അവര്‍ തങ്ങളുടെ പൈതൃകമായ മര്‍ത്തോമ്മാ നിയമം വീണ്ടെടുത്തു സംരക്ഷിക്കാത്തതിനു കാരണം തങ്ങള്‍ സമ്പത്തിന്റെ കാര്യസ്ഥന്മാരല്ലാതാകും എന്നകാരണം മാത്രമാണ്‌.
ക്‌നാനായ സമുദായത്തിന്റെ സ്വന്തമായ സുറിയാനിയുടെ നാമം പേറുന്ന ഇപ്പോള്‍ എല്ലാവരുടേതും കൂടിയായ സീറോ മലബാര്‍ സഭ പൗരസ്‌ത്യ സുറിയാനി സഭയുടെ ദത്തുപുത്രിയാണ്‌. മര്‍ത്തോമ്മാ പാരമ്പര്യം പറയുന്ന മറ്റ്‌ രൂപതകള്‍ക്ക്‌ തനിമയോടെ നിലനില്‌ക്കണമെങ്കില്‍ പുരാതനമായ അവരുടെ മര്‍ത്തോമ്മാ മാര്‍ഗ്ഗം തിരികെ കൊണ്ടുവന്ന്‌ ഒന്നേ എന്നു തുടങ്ങേണ്ടിവരും. നാലാം നൂറ്റാണ്ടില്‍ പ്രേഷിത പ്രവര്‍ത്തനത്തിനായി മലങ്കരയില്‍ കുടിയേറിയവരുടേതായതെല്ലാം സീറോ മലബാര്‍ സഭ എന്ന പേരില്‍ ഏറ്റെടുത്ത്‌ കൊണ്ടു നടക്കുന്നതു കൊള്ളാം. ക്‌നാനായ സമൂഹത്തെ തങ്ങളില്‍ ലയിപ്പിച്ചില്ലാതാക്കിയാല്‍ സീറോ മലബാര്‍ സഭയുടെ ചരിത്രം കെട്ടുകഥയായി അവശേഷിക്കുകയും ചെയ്യും.