മതം,സഭ, ക്നാനായം

 

 

മതം,സഭ, ക്നാനായം

ബിജോയ് തെരുവത്ത്

             ഏറെക്കാലം ആയി തുടർന്നുവരുന്ന തർക്കവിതർക്കങ്ങളുടെ ഭാഗമാകാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നതല്ല. എന്നാൽ സമകാലിക സംഭവവികാസങ്ങളും തർക്കങ്ങളും ചേരിപ്പോരുകളും എല്ലാ സീമകളും ലംഘിക്കുമ്പോൾ ചില കാര്യങ്ങൾ പറയാതെ വയ്യ.

 

                      ഏതാണ്ട് രണ്ട് ലക്ഷം വർഷങ്ങൾ പഴക്കമുള്ള മാനവചരിത്രത്തിന്റെ നാൾവഴികളിൽ കേവലം 5200 വർഷങ്ങൾക്ക് മുൻപ്(3200 BCE) മാത്രമാണ് മതങ്ങൾ രൂപപ്പെട്ട് തുടങ്ങിയത്. കാലത്ത് മതങ്ങളുടെ രൂപപ്പെടലിന് നിദാനമായത് പ്രകൃതിയും അതിനോടുള്ള മനുഷ്യന്റെ പോരാട്ടവും ആയിരുന്നു. ഇടിമിന്നലിനെയും മഹാമാരിയെയും മറ്റും എതിർത്തുതോൽപ്പിക്കാൻ ശ്രമിച്ച മനുഷ്യൻ അതിന് കഴിയാതെ വന്നപ്പോൾ അവയെ പ്രീണിപ്പിച്ച് വരുതിയിൽ ആക്കാൻ ശ്രമിച്ചു. അതിജീവനത്തിന്റെ ഘട്ടത്തിൽ പ്രത്യേകിച്ച് നദീതട സംസ്കാരങ്ങൾ രൂപപ്പെട്ട കാലത്ത് സൂര്യചന്ദ്രന്മാരും പ്രകൃതിശക്തികളും ദൈവങ്ങളായി.

           പിന്നീട് മനുഷ്യചരിത്രത്തിന്റെ വികാസപരിണാമങ്ങളിൽ ഓരോ സമൂഹവും തങ്ങളുടെ ദൈവസങ്കല്പങ്ങൾ രൂപപ്പെടുത്തി. സെമിറ്റിക് മതങ്ങളുടെ ഉത്ഭവം ആയിരുന്നു അതിൽ നിർണ്ണായകമായ പങ്ക് വഹിച്ചത്.  BC 7 ആം നൂറ്റാണ്ടിൽ രൂപപ്പെട്ടു തുടങ്ങി എന്ന് കരുതുന്ന Abrahamic religions കളിലൂടെ മതം മനുഷ്യന്റെ സാമൂഹ്യ സാംസ്കാരിക ബൗദ്ധിക മണ്ഡലങ്ങളിൽ സ്വാധീനം ചെലുത്താൻ തുടങ്ങി.

                                       Abrahamic religions ലെ പ്രധാന മതവിഭാഗങ്ങൾ ആയിരുന്ന യഹൂദ, ക്രിസ്ത്യൻ, മുസ്ലിം മതങ്ങളും അത്രതന്നെ പ്രബല വിഭാഗങ്ങൾ അല്ലാതിരുന്ന യെസീദി,സമറായ, ദ്രൂസിൻ മതങ്ങളും തങ്ങളുടെ ആധാരഗ്രന്ഥം ആയി കരുതിവന്നത് പഴയ നിയമം (The Old Testament) ആയിരുന്നു. ഹിന്ദു സംസ്കാരത്തിൽ മഹാഭാരതം എന്നതുപോലെ ഒരു ജനതയുടെ സാമൂഹ്യജീവിതത്തിന്റെ നേർചിത്രം ഭാവനയുടെ മഷിയിൽ മുക്കി വിവിധ കാലഘട്ടങ്ങളിൽ അനേകം മനീഷികൾ ചേർന്ന് രൂപപ്പെടുത്തിയതാണ് ഗ്രന്ഥം എന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ സാംസ്കാരികമായ നവോത്ഥാനത്തിന്റെ ഒരു ഘട്ടത്തിൽ "might is right" എന്ന കാട്ടുനീതി നിരാകരിക്കപ്പെടുകയും കുറേക്കൂടി കലാനുസ്രതമായ ആധാരഗ്രന്ഥങ്ങൾ അവതരിപ്പിക്കുകയും  ചെയ്തു. ശക്തനും ദുർബലനും സമ്പന്നനും ദരിദ്രനും സ്ത്രീക്കും പുരുഷനും സമൂഹത്തിൽ തുല്യനീതി ഉറപ്പുവരുത്താനുള്ള മാർഗ്ഗരേഖകൾ അവയിലൂടെ സൈദ്ധാന്തികമായി അവതരിപ്പിക്കപ്പെട്ടു.

             അതുവരെ ഓരോ ഗോത്രവിഭാഗങ്ങളും തങ്ങളുടേത് മാത്രം എന്ന് കരുതിയിരുന്ന വിശ്വാസങ്ങൾ മറ്റു വിഭാഗങ്ങളിലേക്ക് പ്രചരിപ്പിക്കാൻ തുടങ്ങിയതാണ് അടുത്ത ഘട്ടം. അധിനിവേശത്തിന്റെ കാലത്ത് അത് ദ്രുതഗതിയിലായി. നന്മയുടെയും, സ്നേഹത്തിന്റെയും സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കാൻ ആഹ്വാനം ചെയ്ത മനുഷ്യസ്നേഹികളുടെ അനുയായികൾ തങ്ങളുടെ ശരി മറ്റുള്ളവരുടെയും ശരി ആക്കി മാറ്റാനുള്ള തത്രപ്പാടിൽ അനേകായിരങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു. കുരിശുയുദ്ധകാലത്ത് മരണപ്പെട്ട മൂന്ന് ലക്ഷത്തോളം മനുഷ്യരും ദുർമദ്രവാദിനീ വേട്ടയിൽ  (Witch-hunt) ഇൽ കൊല്ലപ്പെട്ട മുപ്പത്തി അയ്യായിരത്തിൽ അധികം സ്ത്രീകളും മതപ്രചാരണചരിത്രത്തിലെ കറുത്ത അധ്യായങ്ങളാണ്.

                                        210 കോടിയോളം അനുയായികളുള്ള ക്രിസ്തുമതത്തിൽ ഏറ്റവും പ്രബലമായത് 110 കോടിയോളം അനുയായികളുള്ള റോമൻ കത്തോലിക്കാ സഭയാണ് . ആറു റീത്തുകളിലായി 24 വ്യക്തി സഭകൾ ചേർന്ന കൂട്ടായ്മയാണ് ഇത്. കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലെ സ്വയാധികാരമുള്ള ഒരു പൗരസ്ത്യ സഭയാണ് സിറോ മലബാർ സഭ. അതിന് കീഴിൽ പ്രവർത്തിക്കുന്ന രൂപതകളിൽ ഒന്നാണ് കോട്ടയം അതിരൂപത.

          എന്നാൽ മറ്റു രൂപതകൾക്കോ സഭാവിഭാഗങ്ങൾക്കോ ഇല്ലാത്ത ചില പ്രത്യേകതകൾ രൂപത പുലർത്തിപ്പോരുന്നു.  വംശീയത കാത്തുസൂക്ഷിക്കാൻ സ്വവംശവിവാഹം സമുദായ അംഗങ്ങൾ സ്വമേധയാ പാലിച്ചുപോരുന്നു. മറ്റെല്ലാ മേഖലയിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും സഭാസംവിധാനങ്ങളും ആയി യോജിച്ചുതന്നെയാണ് രൂപത പ്രവർത്തിക്കുന്നത്.

       കേരളത്തിനകത്ത് സമുദായത്തിലെ മെത്രാന്റെ അധികാരത്തിൻ കീഴിൽ വിശ്വാസജീവിതം  നയിച്ചിരുന്ന സമൂഹം അമേരിക്കയിലും മറ്റ് വിദേശരാജ്യങ്ങളിലും സമുദായ അംഗം അല്ലാത്ത ഒരു മെത്രാന്റെ മേൽഭരണം അംഗീകരിക്കാൻ വിമുഖത കാണിക്കുന്നു എന്നതാണ് ഇപ്പോഴത്തെ പ്രശ്നം.

             അതിന്റെ പേരിൽ സമുദായത്തിലെ അംഗങ്ങൾ ചേരിതിരിഞ്ഞ് ആരോപണപ്രത്യാരോപണങ്ങൾ ഉന്നയിക്കുന്നു. ഒരു ചെകിടത്ത് അടിക്കുന്നവന് മറ്റേ ചെകിടുകൂടി കാണിച്ചുകൊടുക്കാൻ പറഞ്ഞ യേശുക്രിസ്തുവിന്റെ പേരുപറഞ്ഞ് മറ്റൊരു കുരിശുയുദ്ധം നടത്തുന്നു. അധാർമികവും നീതിരഹിതവും ആയ രീതിയിൽ വ്യക്തി ഹത്യകൾ നടത്തുന്നു. അതിനെ ന്യായീകരിക്കാൻ നുണകളുടെ പെരുമഴ വർഷിക്കുന്നു.

 

      തീവ്രവാദനിലപാടുകൾ ഒരു സംവിധാനത്തിനും ഗുണം ചെയ്യും എന്ന് ഞാൻ കരുതുന്നില്ല. പരസ്പരം അംഗീകരിച്ചും സഹകരിച്ചും മുന്നോട്ടുപോയാൽ തീരാവുന്ന പ്രശ്നമേ ഇപ്പോഴുള്ളു. ആധ്യാത്മിക കാര്യങ്ങളിൽ പള്ളിയും അതിന്റെ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയും സാമുദായിക സാംസ്കാരിക കാര്യങ്ങൾ സംഘടന മുൻകൈ എടുത്ത്  നടത്തിയും മുന്നോട്ട് പോകാൻ കഴിയണം. രണ്ട് സംവിധാനങ്ങൾക്കും അതിന്റെതായ ധർമ്മങ്ങൾ നിർവഹിക്കാനുണ്ട്. ഒന്ന് ഒന്നിന് പകരം ആവുകയും ഇല്ല.

        അടിസ്ഥാനമില്ലാത്ത ആശങ്കകൾ പ്രചരിപ്പിച്ച് ഒന്ന് ഒന്നിനെ വിഴുങ്ങാൻ ശ്രമിക്കുമ്പോഴാണ് സമുദായത്തിൽ അന്തശ്ചിദ്രങ്ങൾ ഉണ്ടാകുന്നത്. വ്യക്തിപരമായ നിലപാടുകൾ ഭൂരിപക്ഷ അഭിപ്രായത്തെ മാനിച്ച് മയപ്പെടുത്താൻ ശ്രമിക്കാതെ വൈരനിര്യാതനബുദ്ധിയോടെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ പ്രശ്നങ്ങൾ വഷളാവുകയേ ഉള്ളു. മറ്റൊരു സമുദായത്തിലും ഇല്ലാത്തത്ര വ്യക്തിബന്ധങ്ങളും പാരസ്പര്യവും നമ്മുടെ സമുദായത്തിന്റെ ആണിക്കല്ലുകളാണ്.

                 പാരമ്പര്യത്തെ കുറിച്ചുള്ള തർക്കത്തിൽ ഇടപെട്ടുകൊണ്ട് യേശുവിന്റെ പ്രബോധനം ആദ്യ രണ്ടു സുവിശേഷകരന്മാർ തങ്ങളുടെ 15, 7 അധ്യായങ്ങളിൽ സൂചിപ്പിക്കുന്നുണ്ട്. പാരമ്പര്യവാദം  തിന്മക്ക് കാരണം ആകരുത് എന്ന് ക്രിസ്തു ഉത്ബോധിപ്പിക്കുന്നു. ഒപ്പം സഭാസംവിധാനങ്ങളെ ന്യായീകരിക്കാനുള്ള പ്രവർത്തനങ്ങൾ തിന്മക്ക് കാരണമാകുന്നുണ്ട് എങ്കിൽ അതും തിരുത്തപ്പെടേണ്ടതാണ്. പാരമ്പര്യത്തെ നിരാകരിക്കാൻ ഒരു വ്യക്തിക്ക് അവകാശം ഉള്ളതുപോലെതന്നെ അത് പുലർത്തിപ്പോരാനും ഒരു ക്നാനായക്കാരന് അവകാശമുണ്ട്.  മാതാപിതാക്കൾ ക്രിസ്ത്യാനികൾ ആയതുകൊണ്ട് നമ്മളും ക്രിസ്ത്യാനികൾ ആയെന്നല്ലാതെ ക്രിസ്ത്യാനിറ്റിയെ നാം എത്ര ആഴത്തിൽ പഠിച്ചിട്ടുണ്ട്.

            വിമർശനങ്ങളും  തിരുത്തലുകളും നന്മക്ക്  വേണ്ടി ആയിരിക്കണം, തകർക്കുന്നതിന് ആകരുത്. ഇന്ന് അമേരിക്കയിലെ ക്നാനായക്കാർക്കിടയിൽ മൂന്ന് ഗ്രൂപ്പുകൾ ആണ് പ്രധാനമായി ഉള്ളത്. പള്ളിയുമായി സഹകരിക്കുകയും അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ നിഷ്ക്രിയത്വം പുലർത്തുകയും, അതിന്റെ പ്രവർത്തനങ്ങളെ സംശയദൃഷ്ടിയോടെ വീക്ഷിക്കുകയും  ചെയ്യുന്ന ഒരു വിഭാഗം. അസോസിയേഷൻ പ്രവർത്തനങ്ങളിൽ കൈമെയ് മറന്ന് സഹകരിക്കുന്ന, പള്ളിയിൽ എന്തെങ്കിലും നടക്കട്ടെ എന്ന് ചിന്തിക്കുന്ന രണ്ടാമത്തെ വിഭാഗം. രണ്ടിനോടും സമരസപ്പെടാതെ മാറിനിൽക്കുന്ന മൂന്നാമത്തെ വിഭാഗം.

                  നാലാമതൊരു വിഭാഗമായി മൂന്നു വിഭാഗങ്ങളും രൂപപ്പെടുകയാണ് ഇന്നത്തെ പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരം എന്ന് ഞാൻ കരുതുന്നു. പള്ളിയുടെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കുകൾ ആകുമ്പോൾ  തന്നെ സമുദായത്തിന്റെ നിലനിൽപ്പിന് സംഘടന അത്യന്താപേക്ഷിതമാണ് എന്ന് തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന ഒരു വിഭാഗം. അത്തരമൊരു ആശയവുമായി ഡാളസ്സിലെ സമുദായ സംഘടനയുടെ നേത്രുത്വനിരയിലേക്ക് വന്നിരിക്കുന്ന ചെറുപ്പക്കാരുമായി യോജിച്ചുപ്രവർത്തിക്കാൻ സഭയെ പ്രതിനിധാനം ചെയ്യുന്ന ക്രിസ്തുവിന്റെ പ്രതിപുരുഷന്മാർക്ക് കഴിയും എന്ന് കരുതാം.

      നമ്മുടെ കുട്ടികൾ സമുദായത്തിൽ നിന്ന് തങ്ങളുടെ ജീവിതപങ്കാളികളെ കണ്ടെത്തുന്ന കാലം വരെ സമുദായം നിലനിൽക്കും. എന്നാൽ അവരെ അതിനു സഹായിക്കാനും മാനസികമായി സജ്ജരാക്കാനും അസോസിയേഷന് നൽകാവുന്ന സംഭാവനകൾ അവഗണിച്ച്  ഏതാനും വ്യക്തികളുടെ അജണ്ടകൾ നടപ്പിലാക്കുന്നതിന് വേണ്ടി ബദൽ സംഘടനകൾ രൂപീകരിക്കാനും  അസോസിയേഷനെ ദുര്ബലപ്പെടുത്താനും ഉള്ള ശ്രമങ്ങൾ എന്റെ പാരമ്പര്യം എന്റെ സ്വത്വമാണ് (identity) എന്ന് ചിന്തിക്കുന്ന യഥാർത്ഥ ക്നാനായക്കാർ തിരിച്ചറിയും എന്ന് പ്രത്യാശിക്കുന്നു.