'കാനാ' ക്കാരുടെ അജണ്ടയും അഭി: മൂലക്കാട്ടു പിതാവിന്റെ അജണ്ടയും ഒന്നു തന്നെ

'കാനാ' ക്കാരുടെ അജണ്ടയും അഭി: മൂലക്കാട്ടു പിതാവിന്റെ അജണ്ടയും ഒന്നു തന്നെ
ഡോമിനിക്ക സാവിയോ വാച്ചാച്ചിറയില്‍ 
അഭി:മാത്യു മൂലക്കാട്ടു പിതാവിന്‌ സമുദായവിരുദ്ധമായ ഒരജണ്ടയുണ്ട്‌ എന്ന്‌ ഏതാനും ദിവസം മുന്‍പ്‌}ഞാന്‍ ഒരു വാട്ട്‌സ്‌ അപ്പ്‌ ഗ്രൂപ്പില്‍ പറഞ്ഞിരുന്നു. അത്‌ വിശദികരിക്കണമെന്നും തെളിവു തരണമെന്നും മുന്‍ KCCNA പ്രസിഡന്റ്‌ ഡോ. ഷീന്‍സ്‌ ആകശാലയും മറ്റു ചിലരും തുടര്‍ച്ചയായി ആവശ്യപ്പെട്ട പ്രകാരം പിതാവിന്റെ ഹിഡന്‍ അജണ്ടയിലെ ഞാന്‍ മനസിലാക്കിയ ചില പുതിയ വസ്‌തുതകള്‍ ഇവിടെ അവതരിപ്പിക്കുകയാണ്‌.
മിശ്ര വിവാഹം കഴിച്ച്‌ സമുദായത്തില്‍നിന്നും സ്വയം പുറത്തുപോയ കാനാ ക്കാരെയും അവരുടെ വടക്കുംഭാഗ മക്കളെയും സന്തതി പരമ്പകരകളെയും തെക്കും ഭാഗ സമുദായത്തില്‍ ചേര്‍ക്കുകയെന്നതാണ്‌ കാനാ ക്കാരുടെ ആവശ്യം നമ്മുടെ മൂലക്കാട്ട്‌ പിതാവിനും അതേ ഉദ്ദേശം തന്നെയാണെന്ന്‌ ഇപ്പോള്‍ വ്യക്തമാകുന്നു.
അഭി:മുലക്കാട്ടു പിതാവ്‌ കോട്ടയത്ത്‌ സഹായമെത്രനായി വന്നിറങ്ങിയ 1999 മുതല്‍ ആരംഭിച്ച സമുദായ വിരുദ്ധ നിലപാട്‌ 2006 ല്‍ സമ്പൂര്‍ണ്ണ അധികാരിയായപ്പോള്‍ ശക്തിപ്പെടുകയും ഇപ്പോള്‍ അത്‌ പാരമ്യത്തില്‍ എത്തിയിരിക്കുകയുമാണ്‌.
കാനാ ക്കാരുടെ ആവശ്യങ്ങളോട്‌ അനുഭാവ പൂര്‍വ്വമായ നിലപാടാണ്‌ പിതാവിന്‌ അന്നും ഇന്നും ഉള്ളത്‌. പിതാവ്‌ നിരന്തരം പറയുന്നതിതൊക്കെയാണ്‌: എന്‍ഡോഗമസ്‌ ഇടവക കേരളത്തിനു വെളിയില്‍ റോം ഇനി തരില്ല, ഇവിടുത്തെ എന്‍ ഡോഗമി അമേരിക്കയിലേക്ക്‌ ഇറക്കുമതി ചെയ്യണ്ടന്നാണ്‌ പറഞ്ഞിരിക്കുന്നത്‌, പത്താം പിയൂസ്‌ മാര്‍പാപ്പായുടെ ബൂളായില്‍ എന്‍ഡോഗമി എന്നവാക്കില്ല, മാറിക്കെട്ടിയ കാനാനായ പുരുഷന്‍ മരണം വരെ ക്‌നാനായക്കാരനാണ്‌ അവന്‍ അതിനാല്‍ തന്നെ ക്‌നാനായ ഇടവകക്കാരനും സമുദായ അംഗവുമാണ്‌, ജന്മം കൊണ്ടാണ്‌ ഒരാള്‍ ക്‌നാനായക്കാരനാകുന്നത,്‌ കര്‍മ്മം കൊണ്ട്‌ ആരെയും ക്‌നാനായക്കാരനാക്കാനാവില്ല, കേരളത്തിനു പുറത്ത്‌ എനിക്കധികാരമില്ല, കാനാക്കാര്‍ റോമില്‍ കൊടുത്ത പരാതികളില്‍ ഉള്ള കാര്യങ്ങളാണിതെല്ലാം മൂലക്കാട്ടു പിതാവ്‌ ഇവിടെ ആവര്‍ത്തിക്കുന്നതും ഇതു തന്നെ.
കാനാ ക്കാര്‍ അച്ചന്റെയും മെത്രന്റെയും സഹായമില്ലാതെ തനിയെ റോമില്‍ പരാതികളുമായി കയറി ഇറങ്ങി കാര്യം നേടുമ്പോള്‍ അതിന്റെ ഗുരുതരാവസ്ഥ സമുദായക്കാരെ അറിയിക്കാനോ അതിനെതിരായി വിശദീകരണം കൊടുക്കാനോ ഇതുവരെ തയ്യാറായിട്ടില്ല.
കാനാക്കാര്‍ ജന്മം കൊണ്ട്‌ ക്‌നാനായക്കാരായിരിക്കാം, വിവാഹം വഴി സമുദായം ഉപേക്ഷിച്ചു പോയ അവരെ പിതാവ്‌ സമുദായ അംഗമായി നിലനിര്‍ത്തിയിരിക്കുന്നു എന്ന വലിയ വഞ്ചനയും സമുദായത്തോടു ചെയ്‌തിരിക്കുന്നു.
ക്‌നാനായക്കാരന്‍ പിന്തുടരുന്ന എന്‍ഡോഗമസ്‌ സ്റ്റാറ്റസ്‌ ഇടവക പള്ളിയില്‍ നിലനിര്‍ത്തേണ്ടതിനു പകരം നീക്കുപോക്കുകളിലൂടെയും അയഞ്ഞ സമീപനം സ്വീകരിച്ചും ഇതെല്ലാം റോമില്‍ അവതരിപ്പിച്ചു സമുദായം ഉപേക്ഷിച്ചു പോയവരെയും സമുദായത്തില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്‌ പിതാവിന്റെ അജണ്ട അല്ലാതെ മറ്റെന്താണ്‌?
ഭര്‍ത്താവിന്റെ ഇടവകയില്‍ അംഗമാകാന്‍ ഭാര്യക്ക്‌ അവകാശമുണ്ടെന്ന്‌ ബിജു ഉതുപ്പ്‌ കേസില്‍ ഹൈക്കോടതി പരാമര്‍ശിച്ചത്‌ മുതലാക്കി കേസ്‌ അവസാനിക്കും മുന്‍പു തന്നെ കാനാ ക്കാരനെ ഇടവകയില്‍ നിലനിര്‍ത്താന്‍ പിതാവ്‌ ശ്രമങ്ങള്‍ നടത്തുന്നു. സമുദായക്കാരുടെ എതിര്‍പ്പ്‌ കുറയ്‌ക്കാന്‍ വേണ്ടി പുരുഷനെ മാത്രം ഇവിടെ നിലനിര്‍ത്താമെന്ന്‌ പിതാവ്‌ പ്രസംഗിച്ചു നടക്കുകയാണ്‌. അവന്റെ ഭാര്യയും മക്കളും പിന്നാലെ ക്‌നാനായ ഇടവകയില്‍ എത്തുമെന്ന്‌ പിതാവിനറിയാം. 
ഇടവക ജനത്തിനു പാസ്റ്ററല്‍ കെയര്‍ കൊടുക്കേണ്ട ജോലി വികാരിക്കായിരിക്കെ ക്‌നാനായ സമുദായ അംഗമല്ലാത്തവര്‍ക്കും ക്‌നാനായ പള്ളിയില്‍ അംഗത്വമില്ലാത്തവര്‍ക്കും ക്‌നാനായ വൈദികര്‍ പാസ്റ്ററല്‍ കെയര്‍ കൊടുക്കണമെന്ന്‌ നിയമ വിരുദ്ധമായി റോമില്‍ നിന്നും ആവശ്യപ്പെട്ടിട്ടു പിതാവ്‌ അതിനു തയ്യാറായി നില്‌ക്കുന്നത്‌ കാനാ ക്കാരെ മുഴുവന്‍ ക്‌നാനായ പള്ളികളില്‍ തിരികെ കയറ്റാനുള്ള തന്ത്രമാണെന്ന്‌ ഞാന്‍ കരുതുന്നു. 
ക്‌നാനായ ബന്ധമില്ലാത്ത വടക്കുഭാഗരെയും ക്‌നാനായ പള്ളിയില്‍ ഉള്‍പ്പെടുത്തണമെന്ന കത്ത്‌ 2018 ജനുവരി 18 ന്‌ ലഭിച്ചപ്പോള്‍ പിതാവ്‌ ഉടന്‍ റോമിലേക്കോടി അത്‌ തീരുത്തിച്ചത്‌ ആര്‍ക്കുവേണ്ടി ? കാനാ ക്കാരുടെ ആവശ്യം അവരുടെ വടക്കു ഭാഗ ഭാര്യയും സന്തതി പരമ്പരകളും മാത്രം ക്‌നാനായ പള്ളിയില്‍ അംഗമായാല്‍ മതിയെന്നാണ്‌ അവര്‍ക്കുവേണ്ടിയായിരുന്നില്ലേ പിതാവിന്റെ ധ്യതിയിലുള്ള റോമയാത്രയും വരവും?
പിതാവിന്‌ സമുദായക്കാരോട്‌ പ്രതിബന്ധതയില്ലാത്തതിന്റെ തെളിവാണ്‌ കാനാ ക്കാരുമായി രക്തബന്ധമുള്ള വടക്കു ഭാഗരെ ചേര്‍ത്താല്‍ മതിയെന്ന റോമിന്റെ പുതിയ ഉത്തരവ്‌ മാര്‍ച്ചു മാസത്തില്‍ വന്നിട്ട്‌ കത്ത്‌ രഹസ്യമാക്കി വെച്ചിരിക്കുന്നതും ക്‌നാനായ സമുദായക്കാര്‍ക്കു മാത്രമായി ഇടവക പള്ളികള്‍ നിലനിര്‍ത്തണമെന്ന്‌ റോമില്‍ ചെന്ന്‌ ആവശ്യപ്പെടാത്തതും പിതാവിന്റെ ഹിഡന്‍ അജണ്ടയല്ലാതെ മറ്റെന്താണ്‌ ? ഇവിടെ കാനാ ക്കാരുടെയും പിതാവിന്റെയും അജണ്ട ഒന്നു തന്നെയെന്നും തെളിക്കുന്നു.
കോട്ടയം അതിരുപതയുടെ അധികാര പരിധി താമസിയാതെ ഇന്‍ഡ്യ മുഴുവന്‍ വ്യാപിക്കുമെന്നിരിക്കെ അതിനു മുന്‍പ്‌ പെട്ടന്ന്‌ കേരളത്തിനു പുറത്ത്‌ എന്‍ഡോഗമസ്‌ അല്ലാത്ത ഇടവകകള്‍ സ്ഥാപിച്ച്‌ ഭാവിയില്‍ കോട്ടയം അതിരൂപതയില്‍ ലയിപ്പിച്ച്‌ ഒന്നാകെ നോണ്‍ എന്‍ഡോഗമാസ്‌ ആക്കുവാനുള്ളതാണ്‌ പിതാവിന്റെ അജണ്ട. ഇത്‌ വിശുദ്ധ പത്താം പീയൂസ്‌ മാര്‍പാപ്പയെത്തന്നെ ധിക്കരിക്കുന്നതാണ്‌. സഭയ്‌ക്കോ മാര്‍പ്പാപ്പമാര്‍ക്കോ ഒരിക്കലും സാധിക്കാത്ത കാര്യമാണ്‌ മാര്‍ മൂലക്കാട്ട്‌ വളഞ്ഞ വഴിയെ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്‌.
2009 ജനുവരി മാസം 6-ാം തീയതി മുതല്‍ മുലക്കാട്ടു പിതാവ്‌ തന്നെ പ്രാബല്യത്തിലാക്കിയ കോട്ടയം അതിരൂപത നിയമ സംഗ്രഹത്തിനു വിരുദ്ധമായ നടപടികളാണ്‌ പിതാവു തന്നെ കാനാ ക്കാരെ ഇടവകയില്‍ അംഗമാക്കാന്‍ വേണ്ടി സ്വീകരിക്കുന്നത്‌.
പാച്ചിറ പള്ളിയിലെ കേസില്‍ കോടതിയില്‍ അതിരൂപത കൊടുത്ത പത്രികയില്‍ മിശ്ര വിവാഹം കഴിച്ച കാനാ ക്കാരനെ കൂടി സമുദായ അംഗമാക്കി രേഖപ്പെടുത്തിയിരിക്കുന്നത്‌ മുന്‍പെങ്ങും ആരും പറയാത്ത കാര്യമാണ്‌ ഇവിടെ പിതാവ്‌ പറഞ്ഞിരിക്കുന്നത്‌ സമുദായത്തോടു ചെയ്യുന്ന വഞ്ചനയല്ലേ. അത്‌ രൂപതാ നിയമ സംഗ്രഹത്തിനും വിരുദ്ധമാണ്‌.
അവിടെ പറയുന്നത്‌ This shows that the kottayam vicariate (Which later became the Arch Diocese of kottayam) is exclusively meant for knanaya community i.e, for a person born from both knanaya parents 
സമുദായത്തില്‍ നിലനില്‌ക്കുന്നവനെയും സ്വയം പുറത്തു പോയവനെയും പിതാവ്‌ തുല്യരായി കണക്കാക്കുന്നതില്‍ നിന്നും ഈ സമുദായത്തിന്റെ അടിത്തറ തന്നെ തകര്‍ക്കുന്നതായി ഞാന്‍ മനസിലാക്കുന്നു.
തെക്കു ഭാഗ ജനത്തെ സീറോ മലമ്പാറില്‍ ലയിപ്പിക്കുയാണ്‌ പിതാവിന്റെ ലക്ഷ്യം എന്നു ഞാന്‍ കരുതയിരുന്നു എന്നാല്‍ അതല്ല വിവാഹം വഴി സമുദായത്തോടു ബന്ധപ്പെടുന്ന രക്തബന്ധമുള്ള വടക്കുംഭാഗരെയും അവരുടെ സന്തതി പരമ്പരകളെയും ഉള്‍പ്പെടുത്തി വലിയൊരു ക്‌നാനായ സമുദായത്തെ സ്യഷ്‌ടിക്കുകയാണ്‌ പിതാവിന്റെ ലക്ഷ്യം എന്ന്‌ തെളിഞ്ഞു വരികയാണ്‌. ബോര്‍ഡില്‍ മാത്രം ക്‌നാനായം ഉള്ള പള്ളിയും സമുദായവും നമ്മുക്കു വേണമോ എന്ന്‌ സമുദായക്കാര്‍ തീരുമാനിക്കാന്‍ സമയമായി.
അഭിവന്ദ്യ പിതാവിന്റെ ഹിഡന്‍ അജണ്ടയുടെ വേറെ തെളിവുകള്‍ ധാരാളം ഉണ്ട്‌ ഏറ്റം പുതിയവ മാത്രമേ ഇവിടെ പരാമര്‍ശിച്ചിട്ടുള്ളൂ.