അറിവുകൊണ്ടറിയണം - ജോൺ കരമ്യാലിൽ, ചിക്കാഗോ.

നമ്മൾ    ഈ   ഭൂമിയിൽ   ജനിച്ച്  ലൗകീകമായ   ജീവിതം    ആശ്വദിച്ചാനന്ദിച്ച്    നയിക്കുമ്പോഴും   വെറൊരുവശത്ത്   നമ്മളിൽ   ഉറങ്ങിക്കിടക്കുന്ന   നല്ല   കഴിവുകളെ   നമുക്കും    മറ്റുള്ളവർക്കും   പ്രയോജനപ്പെടുന്ന   രീതിയിൽ    വളർത്തിയെടുക്കുകയും   ജീവിതത്തിൽ    കടന്നുവരുന്ന   പ്രതിസന്ധികളെ    നമ്മൾ    നേരിട്ട്   അഭീമുഖീകരിച്ചുകൊണ്ട്,   ഈ   ജീവിതത്തെ    സമബുദ്ധിയിലും,   അതേസമയം     ഉള്ളിൽ    ആത്മസംതൃപ്തിയോടും     ആത്മസുഖത്തോടും    അനുഭവിച്ച്    മുറുകെ    പിടിക്കണം.    
                    
ദൈവമാണല്ലോ    സർവ്വത്തിന്റേയും    സൃഷ്ടാവ്.   ദൈവം,   നമ്മുടെ   മാതാപിതാക്കളിലൂടെ   നമ്മളെയും   സൃഷ്ടിച്ചു.   അതുകൊണ്ടാണ്   ഭൂമിയിൽ   ജീവിച്ചിരിപ്പോളം   എല്ലാറ്റിലും   ഉപരിയായി    അപ്പനെയും    അമ്മയെയും   ബഹുമാനിക്കണമെന്ന്   ദൈവകല്പനകളിൽ   പറഞ്ഞിരിക്കുന്നത്.    ഈ    പ്രപഞ്ചത്തിലെ    കാണപ്പെട്ട    ദൈവം    അവനവന്റെ   മാതാപിതാക്കളാണ്.   അതുകൊണ്ടാണ്   അന്ധമായി   ദൈവത്തെയും   മാതാപിതാക്കളെയും   മാത്രമേ   വിശ്വസിക്കാവു   എന്ന്   പറയുന്നത്.   മാതാപിതാക്കൾക്ക്   തെറ്റ്   പറ്റിയാലും   അത്   അവർ   അറിഞ്ഞാവില്ല.   മറ്റുള്ളവർ   അറിഞ്ഞു   നമുക്കിട്ട്   തെറ്റ്   ചെയ്യും.   അവർ,   അവരുടെ   ഇഹലോകത്തിലെ   ആത്മസംതൃപ്തിക്കായി   മറ്റുള്ളവരെ   ബലിയാടാക്കേണ്ടിവന്നാൽ    അവർ   ബലിയാടാക്കും.   എന്നാൽ    സ്വയം   ബലിയാടാവേണ്ടിവന്നാലും   സ്വന്തം   താല്പര്യങ്ങൾ   മാറ്റിവച്ച്   മാതാപിതാക്കൾ   നമ്മളെ   സംരക്ഷിക്കും.   ഇതിൽ   നിന്നും   വളരെ   വ്യക്തമാണല്ലോ,   ഭൂമിയിൽ   കാണപ്പെടുന്ന   ദൈവങ്ങൾ   മാതാപിതാക്കളാണെന്നും,   മറിച്ച്   ദൈവജ്ഞരെന്ന്   സ്വയമേയോ    അല്ലാതയോ    പറയുന്നവരല്ലന്നും .   നിങ്ങളുടെ    മക്കൾ,   നമ്മുടെ   മക്കൾ,   മക്കൾക്കുവേണ്ടി,   ആത്യന്തിക    ലക്ഷ്യമായ   സ്വർഗ്ഗം,   ദൈവം   എന്നീ    പ്രയോഗങ്ങൾ   എല്ലാം    നല്ലതുതന്നെ.    വിശ്വസിക്കുവാൻ   പറയുന്നവനില്ലാത്ത    വിശ്വാസം   കേൾക്കുന്നവനു    വേണോ.  
സ്വന്തം   കുടുംബത്തെയും   സമുദായത്തെയും   കുറ്റപ്പെടുത്തിയും   ഒറ്റിക്കൊടുത്തും    അന്യരുടെ   കൂട്ടത്തിൽ   ആളാവാനായി   ദാസ്യവേല   ചെയ്യുന്നവനും,   ചില   ഗ്രൂപ്പിന്റെയോ    ബ്ലോഗുകളുടെയോ   ഉടമസ്ഥരായോ,  നേതാവായോ ,   വക്താവായോ   ചമയുന്നവനും    പറയാറുണ്ട്,     "I  don't    understand",   അതായത്   എനിക്ക്   മനസ്സിലാവുന്നില്ല  എന്ന്.   എല്ലാവർക്കും    എല്ലാം   അറിയില്ലന്നിരിക്കെ ,    ഒരാൾക്ക്    എന്തെങ്കിലും    മനസ്സിലാവാത്തതിന്    ഉത്തരവാദി   പൊതുജനമല്ല.   അതിന്   ഉത്തരവാദിയും    പരിഹാരം    കണ്ടുപിടിക്കേണ്ടതും    അവനവൻ   തന്നെയാണ്.    ഇങ്ങനെയുള്ളവർ   അറിവുള്ളവന്റെ   അടുത്ത്   ചെന്ന്   സംശയനിവാരണം   നടത്തണം.    ആരും   അങ്ങ്    ചെന്ന്   സംശയനിവാരണം   നടത്തുകയില്ല ;  അങ്ങനെ    ചെയ്താലും   അവരിൽ   കാര്യമായ   മാറ്റമുണ്ടാവണമെന്നില്ല.  
ഇതുപോലെയൊക്കെ    എഴുതുന്ന   ചിലർക്ക്,   അവർ   എന്തോ   വലിയ   പണ്ഡിതരും   എഴുത്തുകാരുമാണെന്ന   വിചാരമുണ്ട്.   ഇത്   ആർക്കും   ആവാവുന്നതേയുള്ളു;   ശ്രമിക്കണമെന്നുമാത്രം.    അതുപോലെ    അവർ,   പറയുന്നതും   എഴുതുന്നതും   അതേപടി   മറ്റുള്ളവർ   കേൾക്കുകയും,  അനുസരിക്കുകയും,   വിശ്വസിക്കുമെന്നും,   വിശ്വസിക്കണമെന്നും   ഉള്ളവരാണ്.    മാതാപിതാക്കളല്ലാതെ   മറ്റാര്   പറയുന്നതും    എഴുതുന്നതും ,   അധികാരസ്ഥാനത്തുള്ളവരായാലും    അത്   സത്യമാണൊയെന്നും,   അതുകൊണ്ട്    ഉപകാരമാണോ    ഉപദ്രവമാണോ   എന്നും   പല    ആവർത്തി    ചിന്തിക്കുന്നത്    നല്ലതാണ്.  

ഗുരുവിനെക്കായിലും    വലിയ   ശിഷ്യനില്ല ;   യജമാനനെക്കായിലും   വലിയ   ഭൃത്യനില്ല    എന്ന്   ബൈബിൾ    പറയുന്നുണ്ടല്ലോ.   എന്നിട്ടും    സീറോമലബ്ബാർ   ആരാധനാക്രമം    കൊണ്ടുവന്നവരെ    പഠിപ്പിക്കുന്നു.   സീറോമലബ്ബാർ   വഴി ,  അല്ലങ്കിൽ    വടക്കുംഭാഗ   മെത്രാന്മാർ   വഴി   മാത്രമാണ്   നമ്മുടെ   വളർച്ചയെന്നത്     വിഢിത്വവും    തെറ്റുമല്ലെ .   അവർക്ക്   അത്    ശരിയാണ്.   നമ്മളെക്കൊണ്ട്   നേട്ടമുള്ളതുകൊണ്ട്   മാത്രമാണ്   അവർ   നമ്മളെ   കൂടെ   നിർത്തുന്നതും,   വിടാത്തതും.   എന്നാൽ    ക്നാനായർക്ക്   (ക്നാനായ   സമുദായത്തിന്)    നേട്ടങ്ങൾ   ഉണ്ടായതും   ഉണ്ടാവുന്നതും   അവരുടെ    മാതാപിതാക്കളിൽ    നിന്നും,   പിതാക്കന്മാരിൽ    നിന്നും    മാത്രമാണ്.    അന്നും   ഇന്നും    എന്നും    ക്നാനായ   സമുദായം   മറ്റെല്ലാ   സമുദായങ്ങളെയും   സമഭാവനയോടും   സമബുദ്ധിയോടും   സാഹോദര്യ   മനോഭാവത്തോടെയും   മാത്രമെ    കാണുന്നുള്ളു .   അതുപോലെ    മറ്റൊരു   സമുദായവും    ഇല്ലാതാവണമെന്നോ,   താഴ്ന്നതാണന്നോ   കരുതിയിട്ടില്ല;   വംശശുദ്ധിയിൽ    വംശനിയമം    പാലിക്കുന്നുവെന്നുമാത്രം.       

കത്തോലിക്കാ    ഹൈറാർക്കി   നിയമമനുസരിച്ച്   മാർപാപ്പയോട്   മെത്രാന്മാർക്കും ,   മെത്രാന്മാരോട്   വൈദികർക്കും ,   വൈദികരോട്   അല്മായർക്കും    വിധേയത്വം   വേണം.    പക്ഷെ,   ഉപകാരപ്പെടുന്നില്ലങ്കിൽ,   നമ്മുടെ    താല്പര്യങ്ങൾ   സംരക്ഷിക്കപ്പെടുന്നില്ലങ്കിൽ   വിധേയത്വപ്പെടുന്നത്   ഭോഷത്തരവും   സമയം    പാഴാക്കലുമാണ് .   അതാണ്   നോക്കാത്ത    തേവരെ   തൊഴുതേണ്ട   കാര്യമില്ലെന്ന്   പഴമൊഴി   പറയുന്നത്.   ചെയ്യേണ്ടത്   ചെയ്യേണ്ട   സമയത്തു   തന്നെ   ചെയ്യണം ;   ചെയ്യിപ്പിക്കണം .    കാത്തിരുന്ന്   സമയം   കളഞ്ഞു   തോൽക്കുന്നത്   ആത്മഹത്യയെന്ന    കൊടിയ   അപരാധത്തിനു   തുല്യമാണ്.   കഴിഞ്ഞുപോവുന്ന    ഓരോ   നിമിഷവും   കൊഴിഞ്ഞു    വീഴുകയാണ് ;  അത്   ആരുടെ    ജീവിതത്തിലും   ഒരിക്കലും   തിരിച്ചുവരികയില്ല.