ഏഴുതിയിരിക്കുന്നതുപോലെ വായിക്കുക . ജോൺ കരമ്യാലിൽ , ചിക്കാഗോ.

അർഹതപ്പെട്ടത്‌   നേടുന്നതാണ്   ത്യാഗം'   എന്ന    എന്റെ   ലേഖനത്തിൽ    ശ്രീ   അനിൽ   മറ്റത്തിക്കുന്നേലിന്   വന്ന    സംശയങ്ങൾക്ക്   മറുപടി   തരുമോയെന്ന്    പരസ്യമായി   ചോദിച്ചതാണ്   ഇത്   എഴുതുവാൻ   പ്രേരണയായത്.    എനിക്ക്   തീരെ   പരിമിതമായ   അറിവേയുള്ളുവെന്ന്   സാക്ഷ്യപ്പെടുത്തിയ   സർവകലാശാല   നിലവാരമുള്ള   ശ്രീ    അനിൽ   അവർകൾക്ക്   തൃപ്തികരമായ   സംശയനിവാരണം    നടത്തുവാൻ    എനിക്ക്   ആവുമോയെന്ന്   അറിയില്ലെങ്കിലും   ഒന്നു   ശ്രമിച്ചുനോക്കുന്നുവെന്നുമാത്രം .   'അർഹതപ്പെട്ടത്‌   നേടുന്നതാണ്   ത്യാഗം'    എന്ന    എന്റെ   ലേഖനത്തിലെ   ചില   ഭാഗങ്ങൾ   ഒഴിവാക്കിയാൽ,    അത്   അദ്ദേഹത്തിന്    ഇഷ്ടപ്പെട്ടുവെന്നും,   ഞാൻ   എന്റെ   ലേഖനത്തിൽ   മിതത്വം   വരുത്തിയതിൽ   എന്നെ   ആശംസിച്ചും   എഴുതി.   ജീവിതത്തിൽ  ആദ്യമായിട്ടാണ്    ഇങ്ങനെ    ഒരു   അംഗീകാരം   കിട്ടുന്നത്.   എന്തായാലും   കുറെ   ഭാഗങ്ങൾ   ഇഷ്ടപ്പെട്ടുവെന്ന്    പറഞ്ഞതിൽ   നിന്നും    അദ്ദേഹത്തിന്   എന്തൊക്കെയോ    കുറെ   മനസ്സിലായി   എന്ന്    കരുതാം.
 
എന്റെ   എഴുത്തുകളെ   ഉടനീളം   ഏറ്റവും   കൂടുതൽ    വിമർശിക്കുന്നത്   കഴിഞ്ഞ    35  വർഷം   സന്തത   സഹചാരിയായ    എന്റെ    പ്രിയ   പത്നിയാണ്.   വിമർശനങ്ങളെ    ഏറെ   ഇഷ്ടപ്പെടുന്ന    ഞാൻ    വിമർശകരോട്   ചോദിച്ചിട്ടുണ്ട്;   എന്തുകൊണ്ട്   എന്റെ   ലേഖനങ്ങളോട്  പൊരുത്തപ്പെടുവാൻ   പറ്റുന്നില്ല,   എവിടെയാണ്   തെറ്റ്,   എന്താണ്   തെറ്റ്,   എന്ന   ചോദ്യങ്ങൾക്ക്   ഇതുവരെ   ആരും   ഒരു    മറുപടിയും   തന്നിട്ടില്ല.  ഞാൻ    സഭയ്‌ക്കെതിരെ    നടത്തിവന്ന   ലേഖനത്തിന്    മിതത്വം   വരുത്തിയെന്ന്   ശ്രീ   അനിൽ   പറയുവാനുള്ള   കാരണം   ഞാൻ    എഴുതിയത്   അദ്ദേഹത്തിന്   മനസ്സിലാവാഞ്ഞിട്ടാണ്.   ഞാൻ   ഇതുവരെ    ഒരു   സമുദായത്തെയോ,   ജാതിയെയോ,   മതത്തെയോ,   രാഷ്ട്രത്തെയോ   കുറ്റപ്പെടുത്തി     അല്ലെങ്കിൽ     താഴ്ത്തി     പറയുകയോ    എഴുതുകയോ   ചെയ്തിട്ടില്ല.  വായിക്കുന്നത്   ശ്രദ്ധിച്ച്   എഴുതിയിരിക്കുന്നതുപോലെ   വായിക്കണം.    മീൻകറി    വയ്ക്കുന്നതുപോലെ    തലയും   വാലും   കളഞ്ഞു    വായിക്കരുത്.   'കരമ്യാലി    ആണോ    എഴുതിയത് ;   എങ്കിൽ    സഭയ്ക്കും   സഭാധികാരികൾക്കും    എതിരായിട്ടുള്ളതാണ്'    എന്ന   മുൻവിധിയോടേയും    വായിക്കാതിരിക്കുക.    
 
ശ്രീ   അനിൽ    ചിക്കാഗോ   സെൻറ്   മേരീസ്   ക്നാനായ  കത്തോലിക്കാപ്പള്ളിയിലെ    ഗായകസംഘത്തിലെ    പ്രധാനി    ആണല്ലോ.    അടുത്ത    പ്രാവശ്യം   അവിടെ    (എവിടെയായാലും   മതി)  കുർബ്ബാന    അർപ്പിക്കപ്പെടുമ്പോൾ    കുർബ്ബാന    പുസ്തകംവച്ച്   പ്രാർത്ഥന    ശ്രദ്ധിക്കുക;    അതിൽ   എഴുതിയിരിക്കുന്നതുപോലെയാണോ    പ്രാർത്ഥിക്കുന്നത്    എന്ന് .    അവിടെ   തെറ്റുകൾ   ഒന്നും   കാണുന്നില്ലങ്കിൽ   നിങ്ങൾ   കുർബ്ബാന    ശ്രദ്ധിക്കുന്നില്ലെന്നു    സാരം.    അതുപോലെ    നിങ്ങൾ   പാടുന്നതെന്നും.   അപ്പോൾ    മനസ്സിലാവും    അവിടെയൊക്കെ    എന്തുമാത്രം   തെറ്റുകൾ   വരുന്നുണ്ടെന്ന്.   സംസ്കൃതത്തിൽ    ഉള്ള   ഒരു    ശ്ലോകം               
 
                        "മൂഢോ   വവതി   വിഷ്ണുവേ
                         വിദ്വാൻ    വവതി    വിഷ്‌ണായ 
                         ഉപയാർത്ഥം    ഫലം   തുല്യം  
                         ഭാവഗ്രാഹി     ജനാർദ്ദന"
 
അതായത്    അറിയില്ലാത്തവൻ    വിഷ്ണുവേയെന്നും    അറിയാവുന്നവൻ    വിഷ്‌ണായ   എന്നും  വിളിച്ച്   പ്രാർത്ഥിക്കും.   ശരിക്കും    വിഷ്‌ണായ    എന്നാണ്   (അമ്മേ   നാരായണായ)   എന്നതുപോലെ.    ഈശ്വരന്   (ജനാർദ്ദനൻ)    ഇരുകൂട്ടരുടെയും   മനസ്സ്   അറിയാവുന്നതുകൊണ്ട്  ഇരുകൂട്ടർക്കും   തുല്യമായ   പ്രതിഫലം    കൊടുക്കും.   എന്നാൽ   ചോദ്യക്കടലാസിൽ   എഴുതിയിരിക്കുന്നതുപോലെ   ചോദ്യങ്ങൾ    സശ്രദ്ധം   വായിക്കില്ലാത്തതിനാലാണ്   പല   വിദ്യാർത്ഥികൾക്കും   പ്രതീക്ഷിക്കുന്ന   വിജയം   ലഭിക്കാത്തത്.
 
സ്വവിവാഹനിഷ്ഠ   മാത്രണമാണോ   പൈതൃഹം    എന്നും     അദ്ദേഹം   ചോദിക്കുന്നു.    അത്  മാത്രമല്ല.    കൽദായ    സുറിയാനി     ക്രൈസ്തവ   വിശ്വാസവും   പാരമ്പര്യവും   ആചാരാനുഷ്ഠാനങ്ങളും   ആദിത്യമര്യാദയും   മറ്റുള്ളവരോട്    സൗഹാർദ്ദമായും   സാഹോദിരികമായും    പെരുമാറുന്നതുമൊക്കെ    പൈതൃകമായിട്ടുള്ളതാണ്.  വിസ്താരഭയത്താൽ   എല്ലാം   വിവരിക്കുന്നില്ല.    എങ്കിലും    ഇതിലൊക്കെ   പ്രധാനമായിട്ടുള്ളത്   സ്വവംസവിവാഹനിഷ്ഠയാണ് ;   അതില്ലെങ്കിൽ   ഒന്നിനും   പ്രസക്തിയില്ല.
 
സഭയോടൊപ്പം    വളരണം   സമുദായമെന്ന് ;   നല്ലത്.    സഭ    സമുദായത്തിനു   വേണ്ടിയോ,   സമുദായം   സഭയ്ക്കുവേണ്ടിയോ,   രണ്ടും   രണ്ടിനും   വേണ്ടിയോ?   എന്തായാലും   സഭയിൽ   നിന്ന്   സമുദായമല്ല ;  സമുദായത്തിൽ    നിന്നും   സഭയാണ്    ഉണ്ടായതും    ഉണ്ടാവുന്നതും.    മാർത്തോമ്മാശ്ലീഹായാൽ    ഭാരതത്തിൽ    പ്രചരിപ്പിക്കപ്പെട്ട   ക്രിസ്തുമതം      ക്ഷയിച്ച്    നാമാവശേഷമാവുമെന്ന     അവസ്ഥ   വന്നപ്പോൾ    സഭയെ    വളർത്തി    പരിഭോഷിപ്പിക്കുവാൻ    ക്നായിത്തൊമ്മന്റെ   നേതൃത്വത്തിലാണ്    ഉറുഹാ    മാർ  യൗസേപ്പും   മറ്റുള്ളവരും   വന്നത്;   ഉറുഹ   മാർ   യൗസേപ്പിന്റെ    നേതൃത്വത്തിലല്ല    എന്ന്    ചരിത്രത്തിൽ    നിന്നും   പുരാതനപ്പാട്ടിൽ    നിന്നുമൊക്കെ    മനസ്സിലാവും.   മെത്രാന്റെ   നേതൃത്വത്തിലല്ല    എന്ന    സത്യം   പറഞ്ഞതുകൊണ്ട്   ഞാൻ   സഭാധികാരികൾക്ക്     എതിരാണെന്ന്   ധരിക്കുന്നത്    അനുചിതമായ    പ്രവണതയാണ്.   അമേരിക്കയിലും   അല്മേനികൾ    വന്ന്    സ്ഥിരവാസമാക്കിയതിന്    ശേഷമാണ്    വൈദികരും    പള്ളികളും    അരമനയുമൊക്കെ    ഉണ്ടായതും,   ഉണ്ടാവുന്നതും ;  മറിച്ചല്ല.
 
ക്നാനായ    സമുദായം    സഭയോടൊപ്പം    വളർന്ന    ഒരു    സമുദായമല്ല   എന്ന്    ഞാൻ   എങ്ങും   പറയുകയോ    എഴുതുകയോ    ചെയ്തിട്ടില്ല.   സഭയെന്ന്    പറയുന്നതും,   സഭയെ    നയിക്കുന്നവരും   നമ്മുടെ   കുടുംബങ്ങളിൽനിന്നും    പുരോഹിതവൃത്തിയിലേക്ക്    പോയ    പച്ചയായ    മനുഷ്യരാണ്.    ഞാൻ    അടിവരയിട്ട്    വിശ്വസിക്കുന്നു,   മനുഷ്യർ   സഭയ്ക്കുവേണ്ടിയല്ല ;  സഭ    മനുഷ്യർക്കു    വേണ്ടിയാണ്.    സാധാരണ    മനുക്ഷ്യരാണ്    സമുദായങ്ങളുടെയും   സംഘടനകളുടെയും   സഭയുടെയും    രാക്ഷ്ട്രീയപാർട്ടികളുടെയും   രാഷ്ട്രത്തിന്റെയുമൊക്കെ    നട്ടെല്ല്.    വേദിയിൽ    പ്രസംഗകർ    ഉള്ളതുകൊണ്ടല്ല ;   സദസ്സിൽ    ജനങ്ങളുള്ളതുകൊണ്ടാണ്   പ്രസംഗകർ   വേദിയിൽ.  
 
ക്നാനായ    നായന്മാർ,  ക്നാനായ    ചൊകോന്മാർ ,  ക്നാനായ   മുസ്ലീoമുകൾ   എന്നൊക്കെ     ശ്രീ   അനിൽ   എഴുതി.   സംശയം    ന്യായമുള്ളതു  തന്നെ.   ക്നാനായർ   എന്നുള്ളത്    വംശീയതയാണ്;   മതപരമായിട്ടുള്ളതല്ല.   ആർക്കും   ഏത്   മതത്തിലും   രാഷ്ട്രീയ   പാർട്ടിയിലും   വിശ്വസിക്കാം,    പ്രവർത്തിക്കാം;   ഏത്    തൊഴിലും   സ്വീകരിക്കാം;   എപ്പോൾ   വേണമെങ്കിലും  അവിശ്വസിക്കുകയും    മാറുകയുമാവാം.     മതവും    രാഷ്ട്രീയവും    തൊഴിലുമൊക്കെ    മാറുന്നതുപോലെ    ജാതി    മാറുവാനും    മാറ്റുവാനും     സാധ്യമല്ല.   
 
ഞാൻ   എഴുതുന്നത്   സമുദായത്തിന്   ദോഷകരമായി   ഭവിക്കുമെന്ന്   എന്നോട്   പലരും   പറഞ്ഞതിൽ    എന്തെങ്കിലും   അടിസ്ഥാനമുണ്ടെന്ന്   ശ്രീ    അനിൽ   കരുതുന്നില്ലെന്നും,  അദ്ദേഹത്തിൻറെ    അറിവിൽ    ഇങ്ങനെ    ആരെങ്കിലും    പറഞ്ഞതായി    കേട്ടിട്ടില്ലന്നും    അദ്ദേഹം   പറഞ്ഞു.    അദ്ദേഹം   കേൾക്കാത്തതും    കാണാത്തതും    അറിയാത്തതുമായി    ധാരാളം   വസ്തുതകൾ    ഈ    പ്രപഞ്ചത്തിലുണ്ട്.    അറിയുന്തോറുമാണ്    എന്തുമാത്രം   അറിയില്ലെന്നും,   അറിയുവാനുണ്ടെന്നും    അറിയുക.    "The   more you know, more you know, how little more you know".
 
സമുദായസ്നേഹത്തിന്റെ    പേരിൽ    എനിക്ക്    സ്വർഗ്ഗം    നഷ്ടപ്പെടുകയാണെങ്കിൽ   അതിൽ   എനിക്ക്   ഖേദമില്ലന്ന്   എഴുതിയതിൽ   നിന്നും   അദ്ദേഹം    മനസ്സിലാക്കിയത്   എനിക്ക്   ദൈവവിശ്വാസം   ഇല്ലന്നാണ്.   ഇങ്ങനെ    പറഞ്ഞവരാണ്     രണ്ടാഴ്ച   മുൻപ്   എഴുതിയത്,   ഞാൻ   എന്റെ    മകന്റെ   ഒത്തുകല്ല്യാണവും,   ശേഷം   അവന്റെ   സ്ഥൈര്യലേപനവും    (Confirmation) ചിക്കാഗോ   സേക്രഡ്   ഹാർഡ്   ക്നാനായ   കത്തോലിക്കാ   ദേവാലയത്തിൽ   വച്ച്   നടത്തിയെന്ന്.    ഇതിലെ    വൈരുദ്ധ്യം   മനസ്സിലാക്കുക.   കൂടാതെ,   എനിക്ക്   ദൈവവിശ്വാസമുണ്ടോയെന്ന്    ഇവരെ   ബോധ്യപ്പെടുത്തണമോ.   ദൈവവിശ്വാസമല്ല;   ദൈവചിന്തയും    ദൈവബോധവും    ആണ്    വേണ്ടത്.   
 
സഭാവിരുദ്ധമായ    കാഴ്ച്ചപ്പാടുകൾ   മയപ്പെടുത്തി    ഞാൻ    ലേഖനം   എഴുതുവാൻ    ശ്രമിച്ചുവെന്ന്പറഞ്ഞു    അദ്ദേഹം    എനിക്ക്    ആശംസകളും   നേർന്നു.   അദ്ദേഹം    എന്റെ   ലേഖനങ്ങളോടും    എന്നോടും   യോജിക്കുന്നതിൽ   നിന്നും   എന്തെങ്കിലും   നേടുവാനോ,  വിയോജിക്കുന്നതിൽ    നിന്നും   എന്തെങ്കിലും   നഷ്ടപ്പെടുവാനോ    ഇല്ല.   ബൈബിളിൽ    പറഞ്ഞിരിക്കുന്നത്   തെറ്റാണെന്ന്    ഞാൻ    പറഞ്ഞിട്ടില്ല ;    പക്ഷെ   ബൈബിളിൽ    പറയാത്ത    ധാരാളം    വസ്തുതകൾ   ഈ    പ്രപഞ്ചത്തിലുണ്ട്.   എന്തെങ്കിലും   ചെയ്യുകയോ    വായിക്കുകയോ    ആണെങ്കിൽ    അത്   ശ്രദ്ധിച്ച്   ചെയ്യുന്നതും    വായിക്കുന്നതുമാണ്    ഉചിതം.